രാമായണം പുരാണമായി ഹിന്ദുക്കളുടെതാണെങ്കിലും കഥ എന്നനിലയിൽ എല്ലാ ജാതി മതസ്ഥരുടെതുമാണ്. അവകാശവും സുഖസമ്പത്തും എല്ലാ ജനതക്കും നൽകുന്നതായിരിക്കണമെന്ന ചിന്തയാണ് ഗാന്ധിജിയെ അത് പ്രതീകമാക്കാൻ പ്രേരിപ്പിച്ചത്. ചിന്തകളിലെ മാലിന്യം കഴുകി വൃത്തിയാക്കാൻ ശക്തിയുള്ളതാണ് കർക്കടകം. അത് വീടും പരിസരവും വൃത്തിയാക്കുന്ന സമയമാണ്. കർക്കടകം നമ്മുടെ മനസ്സ് വൃത്തിയാക്കാനുള്ള ഒരു സമയമായെടുക്കാം.
‘ആത്മാനാം മാനുഷം മന്യേ...’
രാമായണത്തിെൻറ പരമമായ അർഥം ഈ മൂന്നു വാക്കുകളിലുണ്ട്. ശ്രീരാമെൻറ വാക്കുകളിൽനിന്നുതന്നെ ഇങ്ങനെ പുറപ്പെട്ടതായാണ് വാല്മീകി ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്. സത്യത്തിെൻറയും മര്യാദയുടെയും നീതിയുടെയും ഉത്തമ മാതൃകയായി ഇത് വ്യക്തമാക്കുന്നു. നമ്മുടെ വൈകാരികമായ ഭാവങ്ങൾ ഉൾക്കൊള്ളുന്ന മനുഷ്യനാണ് വാല്മീകി രാമായണത്തിലെ രാമൻ. തിന്മയുടെ ഭാവം വർത്തിക്കാനുള്ള പ്രവണത പാരമ്പര്യ രീതികളിൽ വന്നുതുടങ്ങിയപ്പോൾ അതിനെ ചെറുക്കാനാണ് ശ്രീരാമാവതാരം.
1983ൽ ഞാൻ ദൂരദർശനുവേണ്ടി തിരുവിതാംകൂർ നാട്ടുരാജ്യത്തെ അവസാനത്തെ നാട്ടുരാജാവായി രാജ്യം ഭരിച്ചിരുന്ന ചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവിനെക്കുറിച്ച് ഒരു ഡോക്യുമെൻററി ചെയ്തു. സ്വകാര്യ സംഭാഷണത്തിനിടെ അങ്ങയുടെ ജീവിതത്തിൽ മഹാരാജാവ് എന്നനിലയിൽ ഏറ്റവും ടെൻഷൻ അനുഭവപ്പെട്ട സമയം ഏതായിരുന്നു എന്ന് ഞാൻ ചോദിച്ചു. അൽപനേരത്തെ മൗനത്തിനുേശഷം അദ്ദേഹം പറഞ്ഞു: ‘തിരുവിതാംകൂർ രാജ്യം ഇന്ത്യൻ യൂനിയനിൽ ലയിക്കുന്നതിനായി ഒപ്പിട്ട ദിവസമാണത്. ഇന്ത്യൻ യൂനിയനിൽ ലയിക്കുന്നതാണ് ശരിയെന്ന് തനിക്ക് അറിയാമായിരുന്നു. പക്ഷേ, എെൻറ പ്രശ്നം ആ തീരുമാനം എടുക്കാൻ ധാർമികമായും നീതിയുക്തമായും തനിക്ക് അധികാരമുണ്ടായിരുന്നോ എന്നതായിരുന്നു. ഞാൻ രാജാവല്ല, ഒരു ദാസൻ മാത്രമാണ്. തിരുവിതാംകൂർ രാജ്യം ശ്രീപത്മനാഭന് അടിയറവെച്ചതായാണ് ചരിത്രം. ഒരു ദാസന് ഈവിധം സ്വത്ത് കൈമാറ്റംനടത്താനുള്ള അവകാശമുണ്ടോ എന്നോർത്ത് ഞാൻ ടെൻഷനിലായിരുന്നു...’ അദ്ദേഹം വീണ്ടും തുടർന്നു: ‘തനിക്ക് വഴികാട്ടിത്തന്നത് രാമായണത്തിലെ ഭരതനാണ്. ശ്രീരാമന് കാട്ടിലേക്ക് പോകേണ്ടിവന്നപ്പോൾ ഭരതൻ പിറകെ ചെന്ന് പ്രജകളാണ് രാജാവെന്ന് പറഞ്ഞ് ഒരു മെതിയടി അദ്ദേഹത്തിൽനിന്നും വാങ്ങി സിംഹാസനത്തിൽ പ്രതീകമാക്കുകയും ചെയ്തു. ഞാൻ ഏറ്റവും പ്രധാനമെന്ന് വിശ്വസിക്കുന്ന രാമായണത്തിലെ രാഷ്ട്രീയ തീരുമാനം അതാണ്.
ഇന്നും അധികാരികളും ഏകാധിപതികളും മനസ്സിലാക്കേണ്ട ഒരു കാര്യം, അവർ ഒരു പ്രതീകം മാത്രമാണെന്നതാണ്. അധികാരികൾ ജനനന്മ നടത്തേണ്ട ഒരു പ്രതീകം മാത്രമാണെന്ന ആശയമാണ് അതിമനോഹരമായി രാമായണത്തിലൂടെ വാല്മീകി അവതരിപ്പിക്കുന്നത്. എപ്പോഴും മാർഗദർശിയായി ഞാനെടുക്കുന്ന ഒരു വിശ്വാസമാണ് ഈ കാര്യം. വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം രാമായണം എനിക്കൊരു ഫിലസോഫിക്കൽ ഗൈഡ് കൂടിയാണ്. അതിനാൽ, രാമായണം കർക്കടകത്തിൽ മാത്രമായി ഞാൻ ഒതുക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.