ബഫർ സോൺ: രാഷ്ട്രീയ സമരങ്ങൾക്ക് മതമേലധ്യക്ഷന്മാർ കൂട്ടുനിൽക്കരുതെന്ന് വനം മന്ത്രി

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ കെ.സി.ബി.സി സമരം ദൗർഭാഗ്യകരമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. രാഷ്ട്രീയ മുതലെടുപ്പിന് കെ.സി.ബി.സി നിൽക്കരുത്. കമീഷന്‍റെ കാലാവധി കൂട്ടുന്ന കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും. സമരത്തിൽ നിന്ന് പിന്മാറാൻ കർഷക സംഘടനകൾ അടക്കമുള്ളവർ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സുപ്രീംകോടതി നിർദേശ പ്രകാരമാണ് സാറ്റലൈറ്റ് സർവേ നടത്തുന്നത്. സർവേ ചെയ്യാതിരിക്കാൻ സാധിക്കില്ല. സർവേ മാത്രം ആശ്രയിച്ചല്ല നിലപാട് സ്വീകരിക്കുന്നത്. വിദഗ്ധ സമിതി റിപ്പോർട്ടിന് ശേഷമാണ് അന്തിമ നിലപാട് എടുക്കുക. ആശങ്കയുള്ളവർ വിദഗ്ധ സമിതിയുമായി സഹകരിക്കണം.

ജുഡീഷ്യൽ സമിതിയുടെ പരിശോധന കഴിഞ്ഞാൽ മാത്രമേ അന്തിമ തീരുമാനമുള്ളൂ. ഇക്കാര്യത്തിൽ എന്ത് പുകമറയാണ് ഉള്ളതെന്ന് മനസിലാകുന്നില്ല. രാഷ്ട്രീയ സമരങ്ങൾക്ക് മതമേലധ്യക്ഷന്മാർ കൂട്ടുനിൽക്കരുതെന്നും മന്ത്രി എ.കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

ബഫർ സോൺ വിഷയത്തിൽ വനം വകുപ്പിനും മന്ത്രി എ.കെ ശശീന്ദ്രനുമെതിരെ രൂക്ഷ വിമർശനമാണ് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി നടത്തിയത്. വനം മന്ത്രിയും വകുപ്പും പുകമറ സൃഷ്ടിക്കുകയാണെന്നും കർഷകരെ വഴിയാധാരമാക്കുന്ന റിപ്പോർട്ട് നൽകാനാണ് ശ്രമിക്കുന്നതെന്നും ആർച്ച് ബിഷപ് ചൂണ്ടിക്കാട്ടുന്നു.

വനം വകുപ്പിന്‍റെ നടപടികൾ നിരുത്തരവാദപരമാണ്. കർഷകരുടെ പ്രശ്നങ്ങളെ സർക്കാർ നിസാരവത്കരിക്കുകയാണ്. കർഷകരോഷം ജനകീയ പ്രക്ഷോഭമായി വളരുമെന്നും കർഷകരുടെ വികാരങ്ങൾക്കൊപ്പം സഭയുണ്ടാകുമെന്നും ജോസഫ് പാംപ്ലാനി വ്യക്തമാക്കി. 

Tags:    
News Summary - Minister AK Saseendran react to Buffer zone Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.