ബസേലിയോസ് ക്ലീമിസ് ബാവയുമായി മന്ത്രി ആന്‍റണി രാജു ചർച്ച നടത്തി

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ സമവായ ശ്രമങ്ങളുടെ ഭാഗമായി ഗതാഗത മന്ത്രി ആന്റണി രാജു ബസേലിയോസ് ക്ലീമിസ് ബാവയുമായി ചർച്ച നടത്തി. വാടക വീടുകളിൽ കഴിയുന്നവരുടെ വാടക തുക 5500 ഇൽ നിന്നും 7000 ആക്കണമെന്നും, തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയിൽ സമര സമിതി പ്രതിനിധിയെ ഉള്‍പ്പെടുത്തമെന്നും, സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ തുടർനടപടികള്‍ ഉണ്ടാകാരുതെന്നും ബാവ ആവശ്യപ്പെട്ടു. അതോടൊപ്പം സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ആറ് എണ്ണം അംഗീകരിച്ചുകൊണ്ട് നൽകിയ ഉറപ്പുകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മോണിറ്ററിങ് സമിതി രൂപീകരിക്കണമെന്നും ഇതിൽ സംസ്ഥാന സർക്കാറിന്‍റെ പ്രതിനിധികള്‍ക്കൊപ്പം സമരസമിതിയുടെ പ്രതിനിധികളും ഉണ്ടായിരിക്കണമെന്നുമാണ് ബാവ ആവശ്യപ്പെട്ടത്.

മന്ത്രിസഭാ ഉപസമിതിയുമായി സമരസമിതിലെ സഭാതലവൻമാർ ഇന്ന് ചർച്ച നടത്തുന്നുണ്ട്. ശേഷം സഭാതലവൻമാരും സമരക്കാരുമായി ചർച്ച നടത്തുകയും ഇതിൽ യോജിപ്പുണ്ടാവുകയാണെങ്കിൽ സഭാതലവൻമാർ മുഖ്യമന്ത്രിയെ കാണുകയും ചെയ്യും.

ഇതിനിടയിൽ വിഴിഞ്ഞത്ത് സമാധാന ദൗത്യ സംഘം സന്ദർശനം നടത്തി. സംഘർഷത്തിൽ പരിക്കേറ്റ മത്സ്യതൊഴിലാളികളെയും പൊലീസുകാരെയും സംഘം സന്ദർശിച്ചു. സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും സമരങ്ങളിലെ ജനകീയ ആവശ്യങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസി എന്നിവരുൾപ്പെടെയുള്ള സംഘം തുറമുഖം സന്ദർശിച്ചത്.

Tags:    
News Summary - Minister Anthony Raju held discussion with Baselios Clemis Bawa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.