വാക്ക് തെറ്റിച്ചില്ല; മന്ത്രി ആന്‍റണി രാജു ഇന്ന് വിസ്മയയുടെ വീട് സന്ദർശിക്കും

കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മാതാപിതാക്കളെ ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജു ഇന്ന് സന്ദർശിക്കും. സംഭവത്തില്‍ ഭര്‍ത്താവായ മോട്ടോര്‍ വാഹനവകുപ്പിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. കിരണിനെതിരെ നടപടിയെടുത്താല്‍ മാത്രമെ വിസ്മയയുടെ വീട് സന്ദര്‍ശിക്കുകയുള്ളൂവെന്നും ആന്‍റണി രാജു നേരത്തെ പിതാവിന് ഉറപ്പുനൽകിയിരുന്നു. ഇന്നലെയാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരണിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടത്.

രാവിലെ പതിനൊന്ന് മണിയോടെയാകും നിലമേലിലുളള വിസ്മയയുടെ വീട്ടില്‍ മന്ത്രി എത്തുക. ബന്ധുക്കളെ നേരില്‍ കണ്ട് ആശ്വസിപ്പിക്കാനാണ് ഗതാഗത മന്ത്രിയുടെ സന്ദര്‍ശനം. അവനുള്ള ഡിസ്മിസല്‍ ഉത്തരവ് അടിച്ചിട്ടേ, ഞാന്‍ നിങ്ങളുടെ വീട്ടില്‍ വരൂ..' തന്നെ അന്ന് കാണാനെത്തിയ വിസ്മയയുടെ അച്ഛനോട് മന്ത്രി ആന്റണി രാജു പറഞ്ഞ വാക്കുകളാണിത്.

സ്ത്രീ വിരുദ്ധ പ്രവൃത്തി, സാമൂഹിക വിരുദ്ധവും ലിംഗ നീതിക്ക് നിരക്കാത്തതുമായ നടപടി, ഗുരുതര നിയമലംഘനം, പെരുമാറ്റ ദൂഷ്യം എന്നിവ വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റേയും മോട്ടോര്‍ വകുപ്പിന്റേയും അന്തസിനും സല്‍പ്പേരിനും കളങ്കം വരുത്തിയതിനാല്‍ (1960 ലെ കേരള സിവില്‍ സര്‍വ്വീസ് പെരുമാറ്റ ചട്ടം 11(1)8). സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ലെന്നതിന്റെ ലംഘനം (1960 ലെ കേരള സിവില്‍ സര്‍വ്വീസ് പെരുമാറ്റചട്ടം 93 (സി) എന്നിവ പ്രകാരമാണ് കിരണിനെ പിരിച്ചുവിട്ടത്. ഇത്തരത്തില്‍ പിരിച്ചു വിടാനുള്ള വകുപ്പുണ്ടെന്നും എന്നാല്‍ അത് പലപ്പോഴും പ്രയോഗിക്കാറില്ലെന്നുമാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പ്രതികരിച്ചത്.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. മുന്‍പൊരിക്കല്‍ കിരണ്‍ മദ്യപിച്ച് വീട്ടിലെത്തി വിസ്മയയെ തല്ലിയിരുന്നു. കുടുംബം കേസുമായി മുന്നോട്ടുപോയെങ്കിലും കിരണിന്‍റെ മേലുദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു എന്നും ആരോപണമുണ്ട്.

Tags:    
News Summary - Minister Anthony Raju will visit Vismaya's house today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.