ബസ് സമരത്തിനെതിരെ മന്ത്രി ആന്റണി രാജു: ‘മുട്ടുമടക്കില്ല, കാമറയും സീറ്റ്ബെൽറ്റും നിർബന്ധം’

തിരുവനന്തപുരം: ഈ മാസം 31ന് സ്വകാര്യ ബസുകൾ പണിമുടക്ക് പ്രഖ്യാപിച്ചതിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു. ബസുടമകളുടെ സമ്മർദത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും ബസുകളിൽ ഡ്രൈവർക്ക് സീറ്റ് ബെൽറ്റ് ഏർപ്പെടുത്തിയതും കാമറ ഘടിപ്പിക്കുന്നതും നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനുള്ള നിർദ്ദേശം എ.ഐ കാമറ ഘടിപ്പിച്ച ഘട്ടത്തിൽ തന്നെ ബസുടമകൾക്ക് നൽകിയതാണെന്ന് മന്ത്രി പറഞ്ഞു. 1994 മുതൽ നിലവിലുള്ള നിയമമമാണ് ഇത്. കേന്ദ്ര നിയമമാണ്. സ്വകാര്യ ബസുടമകളുടെ ആവശ്യം പരിഗണിച്ച് അതിന് രണ്ട് മാസം സമയം നീട്ടി നൽകിയതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘ബസുകളിൽ കാമറ വേണമെന്നത് ബസുടമകൾ തന്നെ ആവശ്യപ്പെട്ട കാര്യമാണ്. ആദ്യം രണ്ട് മാസം സമയം തേടിയപ്പോൾ അത് നൽകി. വീണ്ടും 7-8 മാസം അധിക സമയം നൽകി. ഇപ്പോൾ അവിചാരിതമായി അവർ തന്നെ സമരം പ്രഖ്യാപിക്കുകയാണ്. കാമറ വെക്കണമെന്ന നിർദ്ദേശം ഉയർന്നത് ബസ് ജീവനക്കാരെ കള്ളക്കേസിൽ പെടുത്തുന്നുവെന്ന പരാതിയെ തുടർന്നാണ്. കാമറകളിലൂടെ അപകടങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്താനാവുന്നുണ്ട്. സ്വിഫ്റ്റ് ബസുകളിൽ കാമറ ദൃശ്യങ്ങൾ വഴി അപകടങ്ങളിൽ ആരുടെ ഭാഗത്താണ് തെറ്റെന്ന് കണ്ടെത്താൻ കഴിഞ്ഞു.’ -മന്ത്രി പറഞ്ഞു.

നവംബർ 1 മുതൽ ഫിറ്റ്നെസ് സർട്ടിഫിക്കറ്റിന് വരുന്ന ബസുകളിൽ കാമറ ഘടിപ്പിക്കണം എന്ന നിലയിലേക്ക് സർക്കാർ ഉത്തരവ് പുതുക്കണമെന്ന ഒരാവശ്യം ഇന്നലെ ബസുടമകൾ മുന്നോട്ട് വെച്ചിട്ടുണ്ടെന്നും ഇക്കാര്യം സർക്കാർ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബസ് യാത്രക്കൂലിയും വിദ്യാർഥികളുടെ യാത്രാനിരക്കും വർധിപ്പിക്കുന്നത് അനന്തമായി നീട്ടുന്നതിലും സീറ്റ് ബെൽറ്റ്, കാമറ തുടങ്ങി ബസ്സുടമകൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപിക്കുന്നതിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യബസ്സുകൾ ഒക്ടോബർ 31ന് സൂചന പണിമുടക്ക് നടത്തുമെന്നാണ് ബസ്സുടമ സംയുക്ത സമിതി അറിയിച്ചത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിത കാലത്തേക്ക് സർവിസ് നിർത്തിവെക്കും.

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ ഓർഡനറി ആക്കി മാറ്റിയതിലും 140 കി.മീറ്ററിലധികം സർവിസുള്ള സ്വകാര്യ ബസ്സുകളുടെ പെർമിറ്റുകൾ നിർത്തലാക്കാനുള്ള സർക്കാർ തീരുമാനത്തിലും സംഘടന പ്രതിഷേധമറിയിച്ചിരുന്നു.

Tags:    
News Summary - Minister Antony Raju against bus strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.