തിരുവനന്തപുരം: എം.എൽ.എയുടെ ചോദ്യവും മന്ത്രിയുടെ ഉത്തരവും ഇന്നലെ സഭയിൽ കൗതുകവും ചിരിയും പടർത്തി. തർക്കുത്തരത്തിന് മുട്ടില്ലാത്ത പൊതുമരാമത്ത്-രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരനാണ് പതിവില്ലാതെ ചോദ്യം വിഴുങ്ങിയത്. ഉത്തരം തൊണ്ടയിൽ കുടുങ്ങുകയും ചെയ്തു. പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയുടെ വകയായിരുന്നു കുനുഷ്ഠ് പിടിച്ച ചോദ്യം.
എം.എൽ.എയുടെ ചോദ്യമിങ്ങനെ: മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിെൻറ പേരിൽ മരട് ‘ഹോളി ഫെയ്ത്തി’ൽ ഫ്ലാറ്റ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ?
മന്ത്രിയുടെ ഉത്തരം: ഏത് മുഖ്യമന്ത്രി എന്ന് വ്യക്തമല്ല. അതിനാൽ മറുപടി നൽകാൻ കഴിയുന്നില്ല. അരിയെത്ര, പയറഞ്ഞാഴി എന്ന പഴഞ്ചൊല്ലിന് സമമായിരുന്നു മന്ത്രിയുടെ മറുപടി.
സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റ് സമുച്ചയത്തിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസിനും ഫ്ലാറ്റ് ഉണ്ടായിരുന്നു. ഇതേതുടർന്ന്, തെൻറ ഭാഗം വിശദീകരിച്ച് ബ്രിട്ടാസ് സമൂഹമാധ്യമത്തിൽ വിശദീകരണം നൽകുകയുണ്ടായി. ഇതിനിടയിലാണ് നിയമസഭയിൽ ചോദ്യം വരുന്നതും മന്ത്രി. ജി. സധാകരൻ അതിൽ നിന്ന് ഒഴിഞ്ഞ് മാറിയതും. എന്നാൽ, എം.എൽ.എയുടെ അനുബന്ധ ചോദ്യങ്ങൾക്ക് മന്ത്രി ശരിയുത്തരം ‘എഴുതി’.
2006 മുതൽ 2016 വരെയുള്ള കാലയളവിലാണ് ഹോളിഫെയ്ത്തിലെ 90 ഫ്ലാറ്റുകളുടെ രജിസ്ട്രേഷൻ നടന്നതെന്നും ഫ്ലാറ്റുകളുടെ വില കുറച്ചുകാണിച്ച് രജിസ്ട്രേഷന് ഫീസിനത്തില്‍ വന്‍ തട്ടിപ്പ് നടത്തിയതായും മന്ത്രി വ്യക്തമാക്കി. ഹോളി ഫെയ്ത്തിലെ ഫ്ലാറ്റുകളിലെ 72 ആധാരങ്ങളില്‍ കേരള സ്റ്റാമ്പ് ആക്ട് പ്രകാരം അണ്ടര്‍ വാല്വേഷന് നടപടികളിലൂടെ 30 കേസുകളില്‍ തുക തിരിച്ചുപിടിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.