തിരുവനന്തപുരം: അപകടകരമായ ഡ്രൈവിങ് മൂലം മരണമുണ്ടായാല്‍ സ്വകാര്യബസുകളുടെ പെര്‍മിറ്റ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനം. ഗുരുതര പരിക്കുണ്ടായാല്‍ മൂന്നുമാസത്തേക്കായിരിക്കും പെർമിറ്റ് റദ്ദാക്കൽ. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെ പതിവ് ശിക്ഷാ നടപടികള്‍ക്ക് പുറമെയാണിത്. ഡ്രൈവര്‍ വേഗമെടുക്കുന്നത് ഉടമക്ക് കൂടി വേണ്ടിയാണ്. അതുകൊണ്ടാണ് നടപടി കടുപ്പിക്കുന്നതെന്നും മത്സരയോട്ടങ്ങളിലെ അപകടങ്ങളിൽ ഉടമക്ക് കൂടി ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി ഗണേഷ്കുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ക്ക് പൊലീസ് വെരിഫിക്കേഷന് നിര്‍ബന്ധമാക്കി. ക്രിമിനല്‍ കേസുകളിൽപെട്ടവര്‍ ബസുകളില്‍ ജീവനക്കാരാകുന്നത് തടയാനാണ് പൊലീസ് സാക്ഷ്യപത്രം നിര്‍ബന്ധമാക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് ഡ്രൈവര്‍, കണ്ടക്ടര്‍ ജീവനക്കാര്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് ഓഫിസുകളില്‍ പരിശീലനം നല്‍കും.
ബസിനുള്ളിൽ എങ്ങനെ പെരുമാറണം, ആളെ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ട രീതികൾ എന്നിവയടക്കമുള്ള കാര്യങ്ങളാണ് പരിശീലനത്തിലുണ്ടാവുക. അലക്ഷ്യമായ ഡ്രൈവിങ്, അമിതവേഗമുള്‍പ്പെടെ പരാതികള്‍ അറിയിക്കാന്‍ ബസുകളില്‍ വാഹന ഉടമയുടെ നമ്പര്‍ പ്രദര്‍ശിപ്പിക്കും. ഫലപ്രദമല്ലെങ്കില്‍ മോട്ടോര്‍വാഹനവകുപ്പിന്റെ നമ്പര്‍ പതിക്കും.
ഹൈകോടതി ഉത്തരവ് പ്രകാരം ബസുകളില്‍ നിരീക്ഷണ കാമറകള്‍ ഘടിപ്പിക്കാന്‍ മാര്‍ച്ച് വരെ സാവകാശം നല്‍കും. ഒറ്റപ്പാലം മാതൃകയില്‍ മത്സയോട്ടം തടയാന്‍ ബസുകള്‍ക്ക് ജിയോടാഗിങ് ഏര്‍പ്പെടുത്താനും തീരുമാനമായി. ഇത് സ്വകാര്യബസുകാര്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. സമയം തെറ്റിച്ച് ഓടുന്നവരില്‍ നിന്ന് പിഴ ഈടാക്കും. മേഖലയിലെ ബസുടമകളുടെ സൊസൈറ്റിക്കാണ് ഈ തുക ലഭിക്കുക. ഫലപ്രദമല്ലെങ്കില്‍ ജിയോടാഗിങ് സംവിധാനം മോട്ടോര്‍വാഹനവകുപ്പ് ഏറ്റെടുക്കും.
എല്ലാ ബസുകൾക്കും രാത്രി ഒമ്പത് മണിവരെയുള്ള ട്രിപ് നിശ്ചയിച്ചാണ് പെർമിറ്റ് അനുവദിക്കുന്നത്. എന്നാൽ, ഭൂരിഭാഗം ബസുകളും ആറരയോടെ സർവിസ് അവസാനിപ്പിക്കുകയാണ്.ഇത് മൂലം യാത്രക്കാർ വല്ലാതെ ബുദ്ധിമുട്ടുന്നു.
ഈ പ്രശ്നം പരിഹരിക്കാൻ രാത്രി സര്‍വിസുകള്‍ സ്വകാര്യബസുകള്‍ ഊഴംവച്ച് ഓടിക്കാനും തീരുമാനമായി. ഒരു റൂട്ടിൽ അഞ്ച് ബസുകളുണ്ടെങ്കിൽ ഓരോ ദിവസം ഓരോ ബസായിരിക്കണം രാത്രി സർവിസ് നടത്തേണ്ടത്. ഓരോ സ്ഥലത്തും ആര്.ടി.ഒമാര്‍ ഇടപെട്ട് രാത്രി ഒമ്പതുവരെ യാത്ര ഉറപ്പാക്കണം. ട്രിപ് റദ്ദാക്കുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.