കേരളത്തിന്‌ അനുവദിച്ചത് കേന്ദ്ര സഹായമല്ല; പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: കേരളത്തിന്‌ കേന്ദ്രസഹായം എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഫേസ്ബുക്ക് പേജിലെ കുറിപ്പിലാണ് ഇക്കാര്യം ധനമന്ത്രി വ്യക്തമാക്കിയത്.

കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്‌ പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചതായ ചില പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടു. നികുതി വിഹിതമായി 2736 കോടി രൂപയും ഐ.ജി.എസ്‌.ടിയുടെ സെറ്റിൽമെന്റായി 1386 കോടി രൂപയുമാണ്‌ കഴിഞ്ഞ ദിവസം ലഭ്യമാക്കിയത്‌. സാധാരണ ഗതിയിൽതന്നെ ബജറ്റ്‌ അനുസരിച്ച്‌ ഗഡുക്കളായി സംസ്ഥാനത്തിന്‌ ലഭ്യമാക്കേണ്ട നികുതി വിഹിതമാണിവ. കേന്ദ്ര സർക്കാർ സംസ്ഥാനത്തു നിന്ന്‌ പിരിച്ചു കൊണ്ടു പോകുന്ന നികുതി തുകയുടെ വിഹിതമായാണ്‌ 2736 കോടി രൂപ തന്നിട്ടുള്ളത്‌. കേന്ദ്ര നികുതി വിഹിതം മാസ ഗഡുവായാണ്‌ അനുവദിക്കുന്നത്‌. ഇത്തവണയും ആ തുകയാണ്‌ ലഭ്യമാക്കിയത്‌. കേരളത്തിന്‌ മാത്രമല്ല, എല്ലാ സംസ്ഥാനത്തിനും ആനുപാതിക വിഹിതം ലഭിച്ചിട്ടുണ്ട്‌.

അന്തർ സംസ്ഥാന ചരക്ക് നീക്കത്തിനും സേവനത്തിനും ഇടാക്കുന്ന ഐ.ജി.എസ്‌.ടി കേന്ദ്ര ഖജനാവിലാണ്‌ എത്തുക. ഇത്‌ സംസ്ഥാനങ്ങൾക്ക്‌ വിഭജിച്ചു നൽകുന്നതാണ്‌ രീതി. സംസ്ഥാനത്തിന്‌ അവകാശപ്പെട്ട ഐ.ജി.എസ്‌.ടി വിഹിതം അനുവദിച്ചതും കേന്ദ്ര സഹായമല്ല.

സാധാരണ ഗതിയിൽ യാതൊരു തർക്കങ്ങളുമില്ലാതെ കേരളത്തിന്‌ അർഹമായും ലഭിക്കേണ്ട 13,609 കോടി രൂപയുടെ വായ്‌പാനുമതി പോലും കേന്ദ്രം നിഷേധിച്ചിരിക്കുകയാണ്‌. സുപ്രീംകോടതിയിൽ സംസ്ഥാനം നൽകിയ പരാതി പിൻവലിച്ചാൽ ഈ അനുമതി നൽകാമെന്നാണ്‌ കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട്‌.

ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിലെ വർധിച്ച ചെലവുകൾ വഹിക്കാൻ സംസ്ഥാനത്തിന്‌ ഉപയോഗിക്കാനാകുന്ന തുകയാണ്‌ ഒരു കാരണവുമില്ലാതെ തടഞ്ഞുവച്ചിരിക്കുന്നത്‌. എന്നാൽ, മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ ഇത്തരം തുകകൾ എടുക്കുന്നതിനുള്ള അനുമതികൾ നൽകിയിട്ടുണ്ടെന്നും മന്ത്രി ബാലഗോപാൽ വ്യക്തമാക്കി.

Tags:    
News Summary - Minister K.N. Balagopal said that the campaign of central assistance to Kerala is misleading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.