തിരുവനന്തപുരം: എറണാകുളം വാരപ്പെട്ടി പഞ്ചായത്തിലെ തോമസ് എന്ന കർഷന്റെ വാഴകൾ കെ.എസ്.ഇബി ഉദ്യോഗസ്ഥർ വെട്ടി നശിപ്പിച്ചത് അത്യന്തം ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് പ്രതികരിച്ചു. കർഷകന്റെ വിയർപ്പിന് വില നൽകാതെ അവന്റെ വിളകളെ വെട്ടി നശിപ്പിച്ചത് തീർത്തും ക്രൂരതയാണെന്നും വൈദ്യുതി മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഒരു കർഷകൻ തന്റെ വിളകളെ പരിപാലിക്കുന്നത് കുഞ്ഞുങ്ങളെ പോറ്റി വളർത്തുന്നതുപോലെയാണ്. ഹൈടെൻഷർ ലൈനിന് കീഴിൽ കൃഷി ചെയ്യുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങളെ ചെറുതായി കാണുന്നില്ല. വൈദ്യുതാഘാതം മൂലം ഒരു ജീവൻ നഷ്ടപ്പെടാനോ മറ്റെന്തെങ്കിലും അപായമുണ്ടാകാനോ പാടില്ല എന്നതിൽ ആർക്കും രണ്ടഭിപ്രായമുണ്ടാകില്ല. ഈ സ്ഥലത്ത് വാഴ കൃഷി ചെയ്യാൻ പാടില്ലായെങ്കിൽ നേരത്തേ തന്നെ കെ.എസ്.ഇ.ബി ഇടപെടേണ്ടതായിരുന്നു. വാഴകുലച്ച് കുലകൾ വിൽക്കാറായ സമയത്ത് ഏകപക്ഷീയമായി ഒരു കർഷകന്റെ അദ്ധ്വാനത്തെ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല -മന്ത്രി പറഞ്ഞു.
തോമസിന്റെ മകൻ അനീഷുമായി സംസാരിച്ചെന്നും ഓണ വിപണിയിലെത്തേണ്ടിയിരുന്ന 406 വാഴക്കുലകൾ ഒരു മുന്നറിയിപ്പുമില്ലാതെ നശിപ്പിക്കപ്പെട്ടതിന്റെ വേദനയിലാണ് ആ കുടുംബമെന്നും മന്ത്രി പറയുന്നു. ഇത്തരം ദുരനുഭവങ്ങൾ കർഷകർക്ക് ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാഴയില ലൈനിൽ മുട്ടിയെന്ന പേരിൽ കർഷകന്‍റെ 460 വാഴകളാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ചത്. ഇതോടെ ഓണ വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ തോമസിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ ദിവസമായിരുന്നു മുന്നറിയിപ്പില്ലാതെ കെ.എസ്.ബിയുടെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.