സിയാൽ പദ്ധതികൾ മന്ത്രി രാജീവ് വിലയിരുത്തി

നെടുമ്പാശേരി: നെടുമ്പാശേരി -കൊച്ചി രാജ്യാന്തരവിമാനത്താവള കമ്പനി നടപ്പിലാക്കുന്ന ബിസിനസ് ജെറ്റ് ടെർമിനൽ ഉൾപ്പെടെയുള്ളവയുടെ പദ്ധതികളുടെ പുരോഗതി വ്യവസായ മന്ത്രിയും സിയാൽ ഡയറക്ടറുമായ പി.രാജീവ് വിലയിരുത്തി.

തിങ്കളാഴ്ച വിമാനത്താവള സന്ദർശനത്തിനെത്തിയ മന്ത്രിയ്ക്ക് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. വ്യോമേതര വരുമാനം വർധിപ്പിക്കാൻ നിരവധി പദ്ധതികൾ സിയാൽ ആസൂത്രണം ചെയ്യുന്നുണ്ട്.

അതിൽ പ്രമുഖമാണ് ബിസിനസ് ജെറ്റ് പദ്ധതി. പുതിയ രാജ്യാന്തര, ആഭ്യന്തര ടെർമിനലുകൾ പ്രവർത്തനം തുടങ്ങിയതോടെ പഴയ ആഭ്യന്തര ടെർമിനലായ ടി-2 നെ പുനരുദ്ധരിക്കാനുള്ള പദ്ധതി സിയാൽ അവതരിപ്പിച്ചു. ഇതിന് സർക്കാരിന്റെ അനുമതി ലഭിച്ചതോടെ അതിവേഗ നിർമാണ പ്രവർത്തനങ്ങൾക്ക് സിയാൽ തുടക്കമിട്ടു.

സിയാലിന്‍റെ വ്യോമേതര വരുമാനമാർഗങ്ങൾ വർധിപ്പിക്കാനാണ് ഡയറക്ടർ ബോർഡിന്‍റെ തീരുമാനം.ബിസിനസ് ജെറ്റ് ടെർമിനൽ ആണ് അതിൽ പ്രമുഖം. ഒരുലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള രണ്ടാം ടെർമിനലിൽ ബിസിനസ് ജെറ്റ് ടെർമിനൽ, വി.ഐ.പി സേഫ് ഹൗസ്, ട്രാൻസിറ്റ് ഹോട്ടൽ എന്നിവ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്.

ബിസിനസ് ജെറ്റ് ടെർമിനലിന്‍റെയും വി.ഐ.പി സേഫ് ഹൗസിന്‍റെയും രൂപരേഖകൾ അംഗീകരിച്ചു കഴിഞ്ഞതായി മന്ത്രി പറഞ്ഞു. വ്യോമേതര വരുമാനം വർധിപ്പിക്കുന്നതിനുള്ള മറ്റൊരു പദ്ധതിയാണ് പഞ്ചനക്ഷത്ര ഹോട്ടൽ നിർമാണം. ഇതിന്‍റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള മാർഗനിർദേശങ്ങൾ മന്ത്രി നൽകി. സിയാലിന്‍റെ ഉദ്യോഗസ്ഥർ, ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ എന്നിവരുമായി മന്ത്രി രാജീവ് ചർച്ച നടത്തി.

Tags:    
News Summary - Minister p rajeev evaluated CIAL projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.