മൂന്ന് തദ്ദേശ സ്ഥാപനങ്ങളെ സംയോജിപ്പിച്ച് ഏകോപിത സംവിധാനമൊരുക്കുമെന്ന് മന്ത്രി പി.രാജീവ്

കൊച്ചി: ഇടപ്പള്ളി തോടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കൊച്ചി കോര്‍പറേഷന്‍ അനുവദിച്ച 80 ലക്ഷം രൂപ ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. മന്ത്രി പി.രാജീവും മേയര്‍ എം. അനില്‍കുമാറും സ്ഥലം സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ മന്ത്രി നല്‍കി.

ഓപ്പറേഷന്‍ വാഹിനി പദ്ധതിയുടെ ഭാഗമായി 20 ലക്ഷം രൂപയുടെ പദ്ധതിയും ഉടന്‍ ആരംഭിക്കും. കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തില്‍ ടെന്‍ഡര്‍ നടപടികളില്ലാതെയാണ് അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പദ്ധതി നടപ്പാക്കുന്നത്. ഇതിനു പുറമേ ആറു ലക്ഷം രൂപയുടെ പദ്ധതി ഇറിഗേഷന്‍ വകുപ്പും നടപ്പാക്കുന്നു. ആകെ ഒരു കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. നാലു ദിവസത്തിനകം ഇടപ്പള്ളി തോടിന്റെ തടസങ്ങള്‍ നീക്കി ഒഴുക്ക് സുഗമമാക്കാനാകുമെന്നാണ് പ്രതീക്ഷ.

 

കടമ്പ്രയാര്‍ മുതല്‍ മുട്ടാര്‍ പുഴ വരെ 10.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഇടപ്പള്ളി തോട്. കൊച്ചി കോര്‍പ്പറേഷന്‍, തൃക്കാക്കര, കളമശേരി നഗരസഭകള്‍ എന്നീ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലൂടെയാണ് തോട് കടന്നു പോകുന്നത്. അടുത്ത വര്‍ഷം മുതല്‍ ഈ മൂന്ന് തദ്ദേശ സ്ഥാപനങ്ങളെയും സംയോജിപ്പിച്ച് ഏകോപിത സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. തങ്ങളുടെ പരിധിയിലുള്ള തോടിന്റെ ഭാഗത്ത് അതത് തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി നടപ്പാക്കും. ഇറിഗേഷന്‍ വകുപ്പ് ഇതിനു മേല്‍നോട്ടം വഹിക്കും.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഓപ്പറേഷന്‍ വാഹിനി സഹായകമായിരുന്നു. ഈ വര്‍ഷം പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങാന്‍ കഴിഞ്ഞില്ല. നിലവിലെ സാഹചര്യം പരിഗണിച്ചാണ് പദ്ധതി തുടരാന്‍ അനുമതി ലഭിച്ചത്.

കിഫ്ബി വഴി നടപ്പാക്കുന്ന കനാല്‍ പുനരുദ്ധാരണ പദ്ധതിയ്ക്കായി കെ.എം.ആര്‍.എല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വിശദമായ പദ്ധതി രേഖ തത്വത്തില്‍ അംഗീകരിച്ചു. ഇതു സംബന്ധിച്ച് മന്ത്രി, എം.പി, എം.എ.ല്‍എ, മേയര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അവതരണം നടത്തിയിരുന്നു. മാര്‍ക്കറ്റ് കനാലിനാണ് ആദ്യ പരിഗണന നല്‍കിയിട്ടുള്ളത്. ഇതിനു ശേഷം ഇടപ്പള്ളി തോടിന്റെ പദ്ധതി നടപ്പാക്കും.

കേരളത്തില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പെയ്ത ഏറ്റവും വലിയ മഴയാണ് കളമശേരിയില്‍ പെയ്തതെന്ന് കൊച്ചി സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 157 മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. എല്ലാ സ്ഥലത്തെയും കാനകള്‍ക്ക് മാറ്റം വരുത്തേണ്ടതുണ്ട്. പുതിയ പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്ത് ഡ്രെയ്‌നേജ് സംവിധാനം വികസിപ്പിക്കണം. മൂലേപ്പാടത്ത് വെള്ളക്കെട്ട് പരിഹരിക്കുന്നതിന് വെള്ളം ഒഴുകിപ്പോകുന്നതിന് വിശാലമായ കല്‍വെര്‍ട്ട് നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി ദേശീയ പാത അതോറിറ്റി 17 ന് ആരംഭിക്കും. കൈയേറ്റങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. പൊറ്റച്ചാലിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് 14.5 കോടിയുടെ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വാഹിനി പദ്ധതിയുടെ ഭാഗമായി ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഇടപ്പള്ളി തോട്ടിലെ പായലും ചെളിയും നീക്കുന്ന പ്രവര്‍ത്തനങ്ങളും ആരംഭിച്ചതായി ഇറിഗേഷന്‍ വകുപ്പ് അറിയിച്ചു. ഇടപ്പള്ളി തോടിനെ ചമ്പക്കര കനാലുമായി ബന്ധിപ്പിക്കുന്ന സൗത്ത് എന്‍ഡിലെ മൗത്ത് ഭാഗത്തെ ശുചീകരണമാണ് ആരംഭിച്ചത്.

മുട്ടാര്‍ പുഴയില്‍ നിന്നാരംഭിക്കുന്ന ഇടപ്പള്ളി തോടിന്റെ പൈപ്പ് ലൈന്‍ പാലം വരെയുള്ള ഭാഗത്തെ ശുചീകരണം കൊച്ചി കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. പൈപ്പ് ലൈന്‍ മുതല്‍ പാലച്ചുവട് വരെയുള്ള സ്‌ട്രെച്ചിലെ 6.7 ലക്ഷം രൂപ ചെലവില്‍ നടപ്പാക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്ച തുടങ്ങും.

പാലച്ചുവട് മുതല്‍ തുതിയൂര്‍ സ്റ്റീല്‍ പാലം വരെയുള്ള പ്രദേശത്തെ തോട് ശുചീകരണത്തിനായി 10 ലക്ഷം രൂപയുടെ പ്രവര്‍ത്തികളും ഉടനാരംഭിക്കും. തുതിയൂര്‍ ഭാഗത്തെ മൗത്ത് പ്രദേശത്ത് എട്ട് ലക്ഷം രൂപയുടെ ശുചീകരണ പ്രവര്‍ത്തികളാണ് വാഹിനി പദ്ധതിയില്‍ തുടങ്ങിയിരിക്കുന്നത്.

ആകെ 24.7 ലക്ഷം രൂപയുടെ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ഇടപ്പള്ളി തോട്ടിലെ പായലും ചെളിയും നീക്കുന്നതിന് ഓപ്പറേഷന്‍ വാഹിനി പദ്ധതിയില്‍ വിനിയോഗിക്കുന്നത്. ജലസ്രോതസുകളിലെ ഒഴുക്ക് സുഗമമാക്കുന്നതിനുള്ള വാഹിനി പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 59 പദ്ധതികളാണ് നടപ്പാക്കുന്നത്. 4.97 കോടി രൂപയാണ് ഇതിനായി ആകെ വകയിരുത്തിയിരിക്കുന്നത്. 15 ദിവസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നാണ് കരുതുന്നത്.

Tags:    
News Summary - Minister P. Rajeev said that a coordinated system will be created by combining the three local bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.