തിരുവനന്തപുരം: ജോലി സമ്മർദം താങ്ങാനാകാതെ മരിച്ച ഐ.ടി പ്രഫഷനൽ അന്ന സെബാസ്റ്റ്യന്റെ വേർപാടിൽ വിവാദ പരാമർശങ്ങൾ നടത്തിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ രൂക്ഷമായി വിമർശിച്ച് മന്ത്രി ഡോ.ആർ. ബിന്ദു. തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് നിർമലക്ക് സ്ത്രീകളും സ്ത്രീപ്രസ്ഥാനങ്ങളും മാപ്പുനൽകില്ലെന്ന് കുറിച്ചത്. കോർപറേറ്റ് രാഷ്ട്രീയത്തിന്റെ പിണിയാളായി ഉന്നത ഭരണനേതൃത്വത്തിലുള്ള സ്ത്രീ വരെ മാറുന്നത് ലജ്ജാകരവും ഹീനവുമാണ്.
അന്ന സെബാസ്റ്റ്യന്റെ ജീവൻ വെടിയലിന്റെ ഉത്തരവാദിത്തം അവരിലും അവരുടെ കുടുംബത്തിലും ചാർത്തി കൈ കഴുകുന്ന കേന്ദ്രമന്ത്രിയുടെ വാക്കുകളെ സ്ത്രീജനത പുച്ഛത്തോടെ തള്ളുന്നത് ആവേശത്തോടെ കാണുന്നതായി മന്ത്രി കുറിച്ചു. ചൂഷണലക്ഷ്യം ഒളിച്ചു വെക്കാതെ തൊഴിൽദാതാക്കളുടെ ലാഭക്കൊതിക്ക് ഇരയാക്കാൻ തൊഴിലിടങ്ങളെ സ്ത്രീവിരുദ്ധമാക്കുകയെന്ന ഉദ്ദേശ്യമാണ് അവരുടെ വാക്കിൽ തെളിയുന്നത്.
തൊഴിലെടുക്കുന്ന ഓരോ സ്ത്രീയും അവരുടെ പ്രസ്ഥാനങ്ങളും അതിലെ സ്ത്രീവിരുദ്ധ രാഷ്ട്രീയത്തെ വിചാരണ ചെയ്യും. അതിന്റെ തുടക്കമാണ് പൊതുസമൂഹത്തിൽ ഉയരുന്ന പ്രതിഷേധമെന്നും അതിനോട് ഐക്യപ്പെടുകയാണെന്നും മന്ത്രി കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.