കോഴിക്കോട്: ഔദ്യോഗിക യാത്രക്കിടെ അപകടത്തിൽപ്പെട്ട സൈക്കിൾ യാത്രക്കാരനെ സഹായിച്ച അനുഭവം സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് മന്ത്രി റോഷി അഗസ്റ്റിൻ. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കുരീപ്പുഴ പാലത്തിൽവെച്ചാണ് സൈക്കിൾ യാത്രക്കാരൻ അപകടത്തിൽപ്പെട്ടത് മന്ത്രി കാണുന്നത്. ഉടൻതന്നെ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാനുള്ള ക്രമീകരണങ്ങളും മന്ത്രി ചെയ്തു. റോഡപകടങ്ങൾ കണ്ടാൽ വൈമനസ്യത്തോടെ മുഖം തിരിച്ചു കടന്നു പോകരുതെന്ന് മന്ത്രി റോഷി അഗസ്റ്റിൽ എഫ്.ബി പോസ്റ്റിലൂടെ അഭ്യർഥിക്കുന്നു.
ഇന്നലെ കൊല്ലത്ത് രണ്ടു ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങും വഴിയാണ് കുരീപ്പുഴ പാലത്തിൽ ഒരു സൈക്കിൾ യാത്രക്കാരൻ അപകടത്തിൽ പെട്ടു കിടക്കുന്നത് കണ്ടത്. തൊട്ടു മുന്നിൽ വണ്ടികൾ കടന്നു പോകുന്നുണ്ടായിരുന്നു എങ്കിലും ആരും നിർത്തി കണ്ടില്ല. ഉടൻ അവിടെ ഇറങ്ങി. പൈലറ്റ് വാഹനത്തിലെ പൊലീസുകാരും എത്തി.
ഇതിനിടെ എന്‍റെ വാഹനത്തിൽ നിന്ന് പരുക്കേറ്റ ആൾക്ക് വെള്ളം നൽകുകയും ചെയ്തതോടെ അദ്ദേഹത്തിന് സംസാരിക്കാം എന്ന സാഹചര്യം ഉണ്ടായി. ഉടൻ തന്നെ അതിലെ എത്തിയ ഒരു ഓട്ടോറിക്ഷയിൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കയറ്റി വിടുകയും ചെയ്തു. അടിയന്തരമായി തിരുവനന്തപുരത്ത് എത്തെണ്ടിയിരുന്നതിനാൽ ആശുപത്രിയിലേക്ക് പോകാൻ കഴിഞ്ഞില്ല. എങ്കിലും പൈലറ്റ് വാഹനം ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ച് ഞാൻ യാത്ര തുടരുകയാണ് ഉണ്ടായത്. പരുക്ക് സാരമുള്ളതല്ല എന്ന് പിന്നീട് എസ്.ഐ വിളിച്ച് അറിയിക്കുകയും ചെയ്തു.
ചെയ്തത് ഏതൊരു പൗരന്‍റെയും കടമ ആണെന്ന് വ്യക്തമായി അറിയാം. മന്ത്രി ചെയ്തു എന്ന് കരുതി വലിയ സംഭവവും ആകുന്നില്ല. എങ്കിലും എന്നെ വേദനിപ്പിച്ചത് മറ്റൊന്നാണ്... ഞങ്ങൾ എത്തും മുൻപ് 20 മിനിറ്റോളം ആ വ്യക്തി ചോര വാർന്ന് റോഡിൽ കിടന്നു. പരുക്ക് ഗുരുതരം അല്ലാത്തതിനാൽ അപ്രിയമായത് ഒന്നും സംഭവിച്ചില്ല എന്ന് മാത്രം. അപകടങ്ങളിൽ ഉണർന്നു പ്രവർത്തിക്കുന്ന ജനതയാണ് നമ്മുടേത്.
പക്ഷേ റോഡപകടങ്ങൾ കണ്ടാൽ ചിലരെങ്കിലും വൈമനസ്യത്തോടെ മുഖം തിരിച്ചു കടന്നു കളയും. അത് ചെയ്യരുത്. നമ്മുടെ പ്രിയപ്പെട്ടവരെ ഒരു നിമിഷം ഓർക്കുക. അവർ ആണ് ആ സ്ഥാനത്തെന്ന് ചിന്തിക്കുക... സഹായിക്കാൻ ഉള്ള മനസ്സ് താനേ വരും... ഒരു ജീവനാണ്... ഒരു കുടുംബത്തിന്‍റെ ആശ്രയം ആണ്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.