‘ഭൂകമ്പത്തെ അതിജീവിക്കുന്ന ഏത് നിർമിതിയാണ് കേരളത്തിലുള്ളത്’; മുല്ലപ്പെരിയാറിന്‍റെ സുരക്ഷയിൽ പ്രതികരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷയിൽ പ്രതികരണവുമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പി ഡീൻ കുര്യാക്കോസ് കഴിഞ്ഞ ദിവസം ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസാണിത്. കേരളം പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് കോടതി പോലും നിരീക്ഷിച്ച് തുടങ്ങിയിരിക്കുന്നു. തമിഴ്‌നാടിന് വെള്ളം ഉറപ്പുവരുത്തി കൊണ്ട് പുതിയ അണക്കെട്ട് നിർമിക്കണമെന്ന വിഷയത്തിൽ കോടതിക്ക് പുറത്തുള്ള ഇടപെടൽ സാധ്യമാകുമോ എന്ന് സർക്കാർ ശ്രമിക്കുന്നുണ്ട്.

ഭൂകമ്പങ്ങളെ അതിജീവിക്കാൻ പറ്റിയ നിർമിതികൾ ഏതാണ് കേരളത്തിലുള്ളത്. മുല്ലപ്പെരിയാറും ഇടുക്കിയും മാത്രമല്ല, കേരളത്തിൽ എത്രയോ അണക്കെട്ടുകളുണ്ട്. വയനാട്ടിൽ ഇങ്ങനെയൊരു ദുരന്തമുണ്ടാകുമെന്ന് 15 ദിവസം മുന്നേ അറിയാൻ പറ്റിയിരുന്നെങ്കിൽ എന്തെല്ലാം ചെയ്യാൻ കഴിഞ്ഞേനെ. ഈ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറിലെ വെള്ളം തുറന്നുവിട്ടാൽ അത് ഇടുക്കി അണക്കെട്ടിൽ വന്നുചേരും. ഒരു അപകടം ഉണ്ടാകേണ്ട കാര്യമില്ല. എന്നാൽ, ഇടുക്കിയിലെ വെള്ളം തുറന്നു വിടുമ്പോൾ എറണാകുളത്ത് ഉൾപ്പെടെ വെള്ളപ്പൊക്കമുണ്ടാകുന്നു. അതുകൊണ്ട് ഡാം മാനേജ്മെന്റ് രൂപപ്പെടുത്തണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ പശ്ചാത്തലത്തിലാണ് മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് എം.പി ഡീൻ കുര്യാക്കോസ് ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. ഡാമിന് സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവൻ അപകടത്തിലാണെന്നും വി​ഷയം ലോക്സഭ നിർത്തിവെച്ച് ചർച്ച​ ചെയ്യണമെന്നും ഡീൻ കുര്യാക്കോസ് നോട്ടീസിൽ ആവശ്യപ്പെട്ടു.

നേരത്തെ മുല്ലപ്പെരിയാർ അണക്കെട്ട് പുനർ നിർമ്മിക്കണമെന്ന് ഹൈബി ഈഡൻ എം.പിയും ലോക്സഭയിലും മുസ്‍ലിം ലീഗ് എം.പി ഹാരീസ് ബീരാൻ രാജ്യസഭയിലും വിഷയം ഉന്നയിച്ചിരുന്നു. അണക്കെട്ടിൽ വിദഗ്ധ പരിശോധന നടത്തി സുരക്ഷിതമാണോയെന്ന് പറയണം. അതല്ലെങ്കിൽ പുതിയ അണക്കെട്ട് നിർമ്മിക്കാമെന്ന കേരളത്തിന്റെ നിർദേശം അംഗീകരിക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെടണമെന്നും ഹാരീസ് ബിരാൻ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Minister Roshy Augustine reacts on the safety of Mullaperiyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.