കണ്ണൂരിൽ പുതിയ ഹജ്ജ് ഹൗസിന് ശ്രമം തുടങ്ങിയെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ; ഈ വർഷത്തെ ഹജ്ജ് ക്യാമ്പുകൾക്ക് സമാപനം

കോഴിക്കോട്: സംസ്ഥാനത്തെ അവസാന ഹജ്ജ് വിമാനം വ്യാഴാഴ്ച രാവിലെ 8.50ന് കരിപ്പൂരിൽ നിന്ന് പുറപ്പെട്ടു. ഇതോടെ ഈ വർഷത്തെ ഹജ്ജ് ക്യാമ്പുകൾക്ക് സമാപനമായി. സമാപന സംഗമം കരിപ്പൂർ ഹജ് ക്യാമ്പിൽ കായിക-ന്യൂനപക്ഷ ക്ഷേമ-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ പുതിയ ഹജ്ജ് ഹൗസ് തുടങ്ങുന്നതിന് ശ്രമം തുടങ്ങിയതായി മന്ത്രി പറഞ്ഞു. കേരളത്തിൽ നിന്നും ഈ വർഷം ഹജ്ജ് തീർഥാടനത്തിനു മൂന്ന് എംബാർക്കേഷൻ പോയിന്റുകൾ വഴി പുറപ്പെടാനായത് തീർഥാടകർക്ക് ഏറെ സൗകര്യമായതായി മന്ത്രി പറഞ്ഞു.

മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നായി ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് 11,252 പേരാണ് പുറപ്പെട്ടത്. പുരുഷന്മാർ -4353, സ്ത്രീകൾ - 6899. കൂടാതെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നായി വിവിധ സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 304 തീർത്ഥാടകരും കേരളം വഴിയാണ് പുറപ്പെട്ടത്. 

ഏറ്റവും കൂടുതൽ തീർത്ഥാടകർ പുറപ്പെട്ടത് കരിപ്പൂർ എംബാർക്കേഷൻ പോയിന്റിൽ നിന്നാണ്- 7045. ഇതിൽ 4370 പേർ സ്ത്രീകളാണ്. കരിപ്പൂരിൽ നിന്ന് 49 എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളിലായി 7045 ഉം കണ്ണൂരിൽ നിന്ന് 14 വിമാനങ്ങളിലായി 2030 ഉം കൊച്ചിയിൽ നിന്ന് ആറ് സൗദി എയർലൈൻസ് വിമാനങ്ങളിലായി 2481 ഉം തീർഥാടകരാണ് യാത്രയായത്. ആകെ 69 വിമാനങ്ങളാണ് ഈ വർഷം ഹാജിമാർക്ക് വേണ്ടി മാത്രമായി സർവ്വീസ് നടത്തുന്നത്.

ഹജ്ജ് പോളിസി പുതുക്കുന്ന സമയത്ത്, തീർഥാടകരുടെ സൗകര്യം മുൻ നിർത്തി സംസ്ഥാനം സമർപ്പിച്ച എൺപത് ശതമാനം ശിപാർശകളും പുതിയ പോളിസിയിൽ ഉൾപ്പെടുത്തി എന്നത് ഏറെ ശ്രദ്ധേയമാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കേരളത്തിനു മൂന്ന് എംബാർക്കേഷൻ പോയിന്റുകൾ അനുവദിച്ച് കിട്ടിയത്. രാജ്യത്ത് നിന്നും ഏറ്റവും കൂടുതൽ ഹജ്ജ് അപേക്ഷരുള്ള സംസ്ഥാനമെന്ന നിലക്ക് മൂന്ന് പുറപ്പെടൽ കേന്ദ്രം തീർഥാടകർക്ക് പ്രയോജനപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു. 

Tags:    
News Summary - Minister V Abdurahman said that efforts have started for a new hajj house in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.