ന്യൂഡൽഹി: ക്യൂബൻ ഉപ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കും വിരുന്നിനും ഡൽഹിയിലെത്തിയ സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയെ കാണാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച ഉറപ്പിക്കാതെ കേരളത്തിൽ നിന്ന് ഡൽഹിയിലെത്തിയ ശേഷം വീണ നടത്തിയ നീക്കമാണ് പരാജയപ്പെട്ടത്. ഇതേ തുടർന്ന് ആശമാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേരള ഹൗസിലെ റസിഡന്റ് കമീഷണർ മുഖേനയാണ് കേന്ദ്ര മന്ത്രിക്കുള്ള കത്ത് വീണ കൊടുത്തത്.
കേന്ദ്രമന്ത്രിയുമായി പെട്ടെന്നുള്ള കൂടിക്കാഴ്ചക്ക് ഒഴിവില്ലെന്ന് അറിയിച്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം അടുത്തയാഴ്ച കേന്ദ്ര ആരോഗ്യ സെക്രട്ടറിയെ കാണുന്ന കാര്യം പരിഗണിക്കാമെന്നും പറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ‘രായ്സീന ഡയലോഗിനായി ന്യൂഡൽഹിയിലെത്തിയ ക്യൂബൻ ഉപ പ്രധാനമന്ത്രി എഡ്വോർഡോ മാർട്ടിനസുമായുള്ള കൂടിക്കാഴ്ചക്കും വിരുന്നിനുമാണ് സംസ്ഥാന സർക്കാർ പ്രതിനിധികളായി ആരോഗ്യ മന്ത്രി വീണ ജോർജ്, ധന മന്ത്രി ബാലഗോപാൽ, കായിക മന്ത്രി വി. അബ്ദുറഹ്മാൻ എന്നിവരെത്തിയത്.
ആരോഗ്യമേഖലയിലെ സഹകരണത്തിന് സംസ്ഥാന സർക്കാറിന്റെ പ്രതിനിധി സംഘം ക്യൂബ സന്ദർശിച്ചതിന്റെ തുടർച്ചയായിട്ടാണ് വീണ ജോർജിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് സംഘം ക്യൂബൻ ഉപ പ്രധാനമന്ത്രിയെ കാണുന്നത്. കേരളവുമായി ആരോഗ്യ മേഖലയിലെ സഹകരണതിന് നാല് ഉപസമിതികൾ ഉണ്ടാക്കിയിരുന്നു. ആ ഉപ സമിതികളുമായി ബന്ധപ്പെട്ട ചർച്ച കൂടിക്കാഴ്ചയിൽ നടക്കും.
ആശമാരുടെ സമരത്തിന്റെ പശ്ചാത്തലത്തിൽ അവരുടെ വിഷയങ്ങൾ കേന്ദ്ര മന്ത്രിയെ ധരിപ്പിക്കാനാണ് മന്ത്രി വീണ ജോർജ് വരുന്നതെന്നായിരുന്നു കരുതിയിരുന്നതെങ്കിലും നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് വീണ നേരത്തെ സമയം ചോദിച്ചിരുന്നില്ല. ക്യബൻ ഉപ പ്രധാനമന്ത്രിയെ കാണാനായി ഡൽഹിയി വന്ന സ്ഥിതിക്ക് ആരോഗ്യമന്ത്രിയെ കുടി കാണാമെന്ന് കരുതിയാണ് സമയം ചോദിച്ചത്. എന്നാൽ പാർലമെന്റ് സമ്മേളന തിരക്കുകൾ കാരണം രാജ്യസഭയിൽ ഭരണകക്ഷിയുടെ സഭാ നേതാവ് കുടിയായ നദ്ദ ഒഴിവില്ലെന്ന് അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.