അടിമാലി: മന്ത്രി എന്ന നിലയിൽ തന്നെ ഏൽപിക്കുന്ന വകുപ്പ് നന്നായി കൈകാര്യം ചെയ്യുമെന്ന് നിയുക്ത മന്ത്രി എം.എം മണി. മന്ത്രിസ്ഥാനം ലഭിച്ചത് അപ്രതീക്ഷിതമാണെങ്കിലും സന്തോഷമുണ്ട്. മന്ത്രിയായാലും നാട്ടിൽ നിന്ന് മാറിനിൽക്കില്ല. തന്‍റെ സംസാര ശൈലിയിൽ ഒരു മാറ്റവുമുണ്ടാകില്ലെന്നും മണി പറഞ്ഞു. സി.പി.എം സംസ്ഥാന സമിതി യോഗത്തിന് ശേഷം അടിമാലി കുഞ്ചിത്തണ്ണിയിലെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വകുപ്പ് ഏതാണെന്ന് ചോദ്യത്തിന് മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് 'പൂച്ച കറുത്തതോ വെളുത്തതോ എന്ന് നോക്കേണ്ടെന്നും എലി പിടിക്കുമോ എന്ന് നോക്കിയാൽ മതിയെന്ന്' മറുപടിയായി എം.എം മണി പറഞ്ഞു. കമ്യൂണിസ്റ്റുകാരന്‍റെ ലക്ഷ്യം വിപ്ലവും സാമൂഹ്യമാറ്റവുമാണ്. സാമൂഹ്യ മാറ്റത്തിൽ കമ്യൂണിസ്റ്റുകാരൻ പ്രവർത്തിക്കുമോ എന്ന് നോക്കിയാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച വൈകീട്ട് 4.30ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ എം.എം മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സമിതിയോഗമാണ് മണിയെ മന്ത്രിയാക്കാനും മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എ.സി മൊയ്തീനും എന്നിവരുടെ വകുപ്പുകളിൽ മാറ്റം വരുത്താനും തീരുമാനിച്ചത്.
നിലവിൽ ഉടുമ്പൻചോല എം.എൽ.എയും സി.പി.എം സംസ്ഥാന സമിതിയംഗവുമാണ് എം.എം മണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.