കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തെ (സി.എം.എം.എഫ്.ആർ.ഐ) കടൽപായൽ കൃഷിയുടെ മികവിന്റെ കേന്ദ്രമായി കേന്ദ്ര സർക്കാർ തെഞ്ഞെടുത്തു. ഇന്ത്യയിൽ കടൽപായൽ ഉൽപാദനവും പ്രചാരണവും ലക്ഷ്യമിട്ട് കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റേതാണ് നടപടി. ഇതനുസരിച്ച്, സി.എം.എഫ്.ആർ.ഐയുടെ തമിഴ്നാട്ടിലെ മണ്ഡപം പ്രാദേശിക കേന്ദ്രത്തിൽ കടൽപായൽ കൃഷി ഗവേഷണം, വികസന പ്രവർത്തനങ്ങൾ, പരിശീലനം, മാനവശേഷി വികസനം തുടങ്ങിയവ നടപ്പാക്കും.
ആഗോള കടൽപ്പായൽ വ്യവസായത്തിൽ ഇന്ത്യയുടെ പങ്ക് ഉയർത്തുന്നതിനായി കേന്ദ്രം പ്രവർത്തിക്കും. സുസ്ഥിര കടൽപ്പായൽ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മേഖലയിലെ പ്രധാന വെല്ലുവിളികൾ പരിഹരിക്കാനും ശ്രമങ്ങളുണ്ടാകും. സാങ്കേതിക വിദ്യകൾ മെച്ചപ്പെടുത്തുന്നതുൾപ്പെടെ പഠനങ്ങൾക്ക് സി.എം.എഫ്.ആർ.ഐ നേതൃത്വം നൽകും. നാടൻ കടൽപായൽ ഇനങ്ങളുടെ ജനിതക വൈവിധ്യം നിലനിർത്താൻ വിത്ത് ബാങ്ക് സ്ഥാപിക്കും. ഗുണനിലവാരമുള്ള തൈകളുടെ ലഭ്യതയും വിതരണവും ഉറപ്പാക്കും. സുസ്ഥിരത നിലനിർത്താൻ പരിസ്ഥിതി ആഘാത പഠനങ്ങൾ നടത്തും. കർഷകർക്കും സംരംഭകർക്കും വിവിധ പരിശീലന പദ്ധതികൾ നടപ്പിലാക്കും. ആഗോളതലത്തിൽ സ്ഥാപനങ്ങളുമായും വിദഗ്ധരുമായും സഹകരണബന്ധം സ്ഥാപിക്കാനും പദ്ധതിയുണ്ട്.
ഇന്ത്യയിലെ കടൽപായൽ ഉൽപാദന വികസന രംഗത്ത് നിർണായക ചുവടുവെപ്പാണിതെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. സാമ്പത്തിക വളർച്ചക്കും തീരദേശ ഉപജീവനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും കടൽപ്പായൽ കൃഷി മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.