കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അധികാരങ്ങളെല്ലാം ഇല്ലാതാക്കി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം. ഇത്രയും വർഷങ്ങൾ ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കെല്ലാം മേൽനോട്ടം വഹിച്ചിരുന്ന ഹജ്ജ് കമ്മിറ്റിയെ നോക്കുകുത്തിയാക്കി മന്ത്രാലയമാണ് ഇപ്പോൾ എല്ലാം ചെയ്യുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ട കേന്ദ്ര ഹജജ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ മൗനം പാലിക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയവും തമ്മിൽ നടക്കുന്ന ശീതസമരത്തിൽ പ്രയാസപ്പെടുന്നത് ഹാജിമാരാണെന്ന വിമർശനവും ശക്തമാണ്. ഈ വർഷത്തെ ഹജ്ജ് നടപടിക്രമങ്ങൾ തുടക്കം മുതൽ വൈകിയിരുന്നു. കാത്തിരിപ്പുപട്ടികയിൽനിന്ന് അവസരം ലഭിച്ചവരുടെ പട്ടിക ഏറെ വൈകി വ്യാഴാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.
ഹജ്ജ് കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം നേരത്തേ മന്ത്രാലയത്തിന് കൈമാറിയിരുന്നു. ഹജ്ജ് കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾക്ക് വിരുദ്ധമായാണ് മന്ത്രാലയം നടപടി സ്വീകരിക്കുന്നതെന്ന ആരോപണവുമുണ്ട്. ഹജ്ജിന് അപേക്ഷ ക്ഷണിക്കുന്നതുമുതൽ ഇത്തവണ നടപടി വൈകി. പിന്നീട് േക്വാട്ട നിശ്ചയിക്കുന്നതിലും നറുക്കെടുപ്പിലും ഹജ്ജ് കമ്മിറ്റി നോക്കുകുത്തിയായിരുന്നു. ഹജ്ജ് കമ്മിറ്റിക്ക് പുറമെ സ്വകാര്യ ഗ്രൂപ്പുകളുടെ േക്വാട്ടയും ഏറെ വൈകിയാണ് പ്രസിദ്ധീകരിച്ചത്. കൂടാതെ, ഇക്കുറി തീർഥാടകർ യാത്രവേളയിൽ ആവശ്യമായ റിയാൽ സ്വയം കരുതണം. ഇത്രയും കാലം ഈ തുക മുൻകൂറായി വാങ്ങി കുറഞ്ഞ നിരക്കിന് ബാങ്കിൽനിന്ന് ടെൻഡർ വിളിച്ചായിരുന്നു നൽകിയിരുന്നത്. ഇതിനെതിരെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയിൽനിന്നടക്കം വിമർശനം ഉയർന്നെങ്കിലും മന്ത്രാലയം മുഖവിലക്കെടുത്തിട്ടില്ല.
കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിച്ച് കാത്തിരിപ്പുപട്ടികയിൽനിന്ന് അവസരം ലഭിച്ചവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ഏറെ വൈകിയാണ് കാത്തിരിപ്പ് പട്ടികയിലുള്ളവർക്ക് അവസരം ലഭിച്ചത്. പട്ടിക വൈകുന്ന വാർത്ത വ്യാഴാഴ്ച ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിൽനിന്ന് കാത്തിരിപ്പ് പട്ടികയിലുൾപ്പെട്ട ക്രമനമ്പർ ഒന്ന് മുതൽ 1,170 പേർക്കാണ് അവസരം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിൽനിന്നായി 8,553 പേർക്കാണ് അവസരം ലഭിച്ചത്. മഹാരാഷ്ട്രയിൽനിന്നാണ് കൂടുതൽ പേർക്ക് അവസരം ലഭിച്ചത്- 2,304 പേർ. ഗുജറാത്ത്- 1,241, ജമ്മു-കശ്മീർ - 1,083, തെലങ്കാന -827, മധ്യപ്രദേശ് -681 എന്നിങ്ങനെയാണ് കണക്ക്. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പര്‍ രേഖപ്പെടുത്തിയ പേമെന്റ് സ്ലിപ് ഉപയോഗിച്ച് എസ്.ബി.ഐ, യൂണിയൻ ബാങ്ക് ശാഖകളിലായി പണം അടക്കണം. പുറപ്പെടൽ കേന്ദ്രം അടിസ്ഥാനത്തിലാണ് തുക അടക്കേണ്ടത്. കോഴിക്കോട് -3,53,313 രൂപ, കൊച്ചി-3,53,967, കണ്ണൂർ -3,55,506. അപേക്ഷയിൽ ബലികർമത്തിനുള്ള കൂപ്പൺ ആവശ്യപ്പെട്ടവർ ആ ഇനത്തിൽ 16,344 രൂപ അധികം അടക്കണം.
ഒറിജിനൽ പാസ്പോർട്ട്, പാസ്പോർട്ട് സൈസ് ഫോട്ടോ, പണമടച്ച രസീത്, നിശ്ചിത ഫോറത്തിലുള്ള ഓരോ ഹാജിക്കും വേണ്ടിയുള്ള മെഡിക്കല്‍ സർട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷഫോറവും അനുബന്ധ രേഖകളും എന്നിവ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിൽ ഈ മാസം 17നകം സമർപ്പിക്കണം. വിവരങ്ങൾക്ക് ഹജ്ജ് ട്രെയിനർമാരുമായി ബന്ധപ്പെടാമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.