ഇടുക്കി: തൊടുപുഴയിൽ സമൂഹമാധ്യമങ്ങളിലൂടെ പതിനൊന്നുകാരിയെ വിൽപനക്ക് വെച്ച സംഭവത്തിൽ പ്രതി രണ്ടാനമ്മയെന്ന് പൊലീസ്. പിതാവിന്‍റെ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ചാണ് രണ്ടാനമ്മ കുട്ടിയെ വിൽപനക്കുണ്ടെന്ന പോസ്റ്റിട്ടത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സംഭവം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു പെൺകുട്ടിയെ വിൽക്കാനുണ്ടെന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ പെൺകുട്ടിയുടെ വല്യമ്മയും പൊലീസിലെത്തി പരാതി നൽകി. മാതാവ് ഉപേക്ഷിച്ച് പോയ കുട്ടി രണ്ടാനമ്മയുടെ പരിചരണത്തിലായിരുന്നു. പിതാവ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
ആദ്യം പിതാവിനെയായിരുന്നു പൊലീസ് സംശയിച്ചത്. എന്നാൽ ഇയാൾക്ക് ഇത്തരത്തിൽ ഫേസ്ബുക്ക് ഐ.ഡി ഇല്ലെന്ന് മനസിലാക്കിയ പൊലീസ്, സൈബർ സെല്ലിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് കുറ്റകൃത്യം നടത്തിയത് രണ്ടാനമ്മയാമണെന്ന് തിരിച്ചറിഞ്ഞത്. കുട്ടിയുടെ പിതാവുമായി വഴക്കുണ്ടായിരുന്നുവെന്നും ഇതാണ് ഫേസ്ബുക്ക് ഇടുന്നതിലേക്ക് നയിച്ചതെന്നുമാണ് പ്രതിയുടെ വിശദീകരണം.
സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊലീസ് ചൈൽഡ് ലൈൻ വെൽഫെയർ കമ്മിറ്റിയുടെ ഉപദേശം തേടിയിട്ടുണ്ട്. ആറ് മാസം പ്രായമുള്ള കുഞ്ഞുള്ളതിനാലാണ് ഇവരെ അറസ്റ്റ് ചെയ്യാൻ വിദഗ്ധോപദേശം ആവശ്യമായതെന്നും നടപടികൾ വേഗത്തിലാക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.