കോഴിക്കോട്: മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ ന്യൂനപക്ഷക്ഷേമവും മുഖ്യമന്ത്രിക്ക്. സി.പി.എമ്മിലെ വി. അബ്ദുറഹ്മാന് നൽകുമെന്ന സൂചനകൾക്ക് വിപരീതമായാണ് വെള്ളിയാഴ്ച പുറത്തിറങ്ങിയ വകുപ്പ് വിഭജന വിജ്ഞാപനം. കായികം, വഖഫ്, ഹജ്ജ് തീർഥാടനം, െറയിൽവേ, പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് എന്നിവയാണ് അബ്ദുറഹ്മാന് അനുവദിച്ച വകുപ്പുകൾ. ക്രൈസ്തവ സഭകളുടെ സമ്മർദം കാരണമാണ് ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതെന്ന വിമർശനമുയർന്നു. പ്രവാസി വകുപ്പും മുഖ്യമന്ത്രിക്കാണ്. കെ.സി.ബി.സി ഉൾപ്പെടെയുള്ള ക്രൈസ്തവ സംഘടനകൾ തീരുമാനത്തെ സ്വാഗതം ചെയ്തു. മുസ്ലിംലീഗ് വിമർശനവുമായി രംഗത്തെത്തി.
കഴിഞ്ഞ സർക്കാറിൽ ന്യൂനപക്ഷക്ഷേമ വകുപ്പിനും കൈകാര്യം ചെയ്ത മന്ത്രി കെ.ടി. ജലീലിനുമെതിരെ കടുത്ത വിവേചന ആരോപണങ്ങളുമായി ക്രൈസ്തവ സഭ നേതാക്കളും സംഘടനകളും രംഗത്തെത്തിയിരുന്നു. വകുപ്പ് മുസ്ലിം കേന്ദ്രീകൃതമാക്കുന്നു എന്നായിരുന്നു ആക്ഷേപം. വകുപ്പിന് കീഴിലെ സർക്കാർ ആനുകൂല്യങ്ങളും സ്കോളർഷിപ് ഉൾപ്പെടെയുള്ള സഹായങ്ങളുടെ സിംഹഭാഗവും മുസ്ലിം സമുദായം കൈക്കലാക്കുന്നു എന്നും പ്രചാരണമുണ്ടായി.
രാജ്യത്തെ മുസ്ലിം പിന്നാക്കാവസ്ഥ പഠിച്ച് സച്ചാർ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കേരളത്തിൽ സ്വീകരിക്കേണ്ട നടപടികൾ ശിപാർശ ചെയ്യാൻ വി.എസ് സർക്കാർ, പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായി ഒമ്പതംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് മുസ്ലിം ക്ഷേമത്തിനായി ന്യൂനപക്ഷക്ഷേമ വകുപ്പും അതിനു കീഴിൽ വിവിധ പരിശീലന കേന്ദ്രങ്ങളും സർക്കാർ ആരംഭിച്ചത്.
കേരളത്തിലെ മുസ്ലിംകൾ ന്യൂനപക്ഷവും പൂർണമായി പിന്നാക്കവിഭാഗവുമാണ്. ക്രൈസ്തവർ ന്യൂനപക്ഷമാണെങ്കിലും ബഹു ഭൂരിഭാഗവും മുന്നാക്ക വിഭാഗത്തിൽപെട്ടവരാണ്. മുന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണാനുകൂല്യങ്ങളും അവർക്കുണ്ട്. അതോടൊപ്പം മുസ്ലിംക്ഷേമത്തിനു രൂപം കൊണ്ട ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ അനുവദിച്ച സ്കോളർഷിപ്പുകളിൽ ക്രൈസ്തവർ ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങൾക്കും 20 ശതമാനം നൽകിവരുന്നു. എന്നാൽ, ഇൗ അധിക ആനുകൂല്യത്തിെൻറ കാര്യം മറച്ചുവെച്ച് 80 ശതമാനവും മുസ്ലിംകൾ കൈക്കലാക്കുന്നു എന്ന ആക്ഷേപമാണ് ഉയർത്തുന്നത്.
കഴിഞ്ഞ സർക്കാറിെൻറ അവസാന കാലത്ത് ഈ ആരോപണം ശക്തമായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻതന്നെ മുസ്ലിം സമുദായം അനർഹമായത് നേടിയിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ക്രൈസ്തവരിലും പിന്നാക്ക വിഭാഗം ഉണ്ടെന്ന് സഭകൾ ആവശ്യമുന്നയിച്ചത് അനുസരിച്ച് ജസ്റ്റിസ് കോശി അധ്യക്ഷനായ സമിതിയെ നിശ്ചയിച്ചിട്ടുമുണ്ട്.
എന്നാൽ, തെരഞ്ഞെടുപ്പിനു ശേഷവും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ക്രൈസ്തവ വിഭാഗത്തിനു വിട്ടുകൊടുക്കുകയോ മുഖ്യമന്ത്രി ഏറ്റെടുക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി അതിരൂപതയും കേരള കാത്തലിക് യൂത്ത് മൂവ്മെൻറ് ഉൾപ്പെടെ രംഗത്തുവന്നതിനു പിറകെയാണ് വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനം പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിക്ക് അഭിനന്ദനമറിയിച്ചു കൊണ്ടുള്ള പ്രചാരണം സമൂഹ മാധ്യമങ്ങളിലെ ക്രൈസ്തവ പ്രൊഫൈലുകളിൽ സജീവമായി. വകുപ്പ് ഏറ്റെടുത്തതിൽ അസ്വാഭാവികതയില്ലെന്നും മുസ്ലിംസമുദായം സർക്കാറിനെ വിശ്വാസത്തിലെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.