പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി മുസ്ലിം സ്ത്രീകളുടെ ദുആ സമ്മേളനവുമായി കേരള ന്യൂനപക്ഷ മോർച്ച. മുത്തലാഖ് നിരോധിച്ച് ആത്മാഭിമാനം നൽകിയതിന് മോദിക്ക് നന്ദിയർപ്പിച്ചും അഫ്ഗാൻ വനിതകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുമാണ് എറണാകുളത്ത് ദുആ സമ്മേളനം നടത്തുന്നത്.
വെള്ളിയാഴ്ച രാവിലെ 11 ന് എറണാകുളത്ത് ദുആ സമ്മേളനം നടത്തുമെന്നാണ് ന്യൂനപക്ഷ മോർച്ചയുടെ അറിയിപ്പ്. ഇതു സംബന്ധിച്ചുള്ള പോസ്റ്ററുകളിൽ ദുആ സമ്മേളന വേദി എറണാകുളത്താണെന്ന് മാത്രമാണുള്ളത്. കൃത്യമായ വേദി സംബന്ധിച്ച് അറിയിപ്പൊന്നും ഇല്ല.
സെപ്റ്റംബർ 17 നാണ് നരേന്ദ്ര മോദിയുടെ ജന്മദിനം. ഇതിന്‍റെ ഭാഗമായി കേരളത്തിൽ ബി.ജെ.പി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിന്‍റെ ഓർമ്മ ദിവസമായ ഒക്ടോബർ 7 വരെ ആഘോഷ പരിപാടികൾ നടത്തുന്നുണ്ട്. സേവാ സമർപ്പൺ അഭിയാൻ എന്ന പേരിലാണ് ആഘോഷങ്ങൾ നടക്കുന്നത്. സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളിലും പ്രധാനമന്ത്രിയുടെ ആയുസിനും ആരോഗ്യത്തിനുമായി പ്രാർത്ഥനകളും പൂജകളും നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അറിയിച്ചിട്ടുണ്ട്. ഓരോസമുദായത്തിന്‍റെയും ആചാരങ്ങൾക്ക് അനുസരിച്ചുള്ള പ്രാർത്ഥനകളാകും നടത്തുകയെന്നും സുരേന്ദ്രൻ അറിയിച്ചിരുന്നു.
എല്ലാവർക്കും സൗജന്യ വാക്സിൻ നൽകിയതിന് വാക്സിൻ കേന്ദ്രങ്ങളിലും സൗജന്യ റേഷൻ നൽകുന്ന കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് പൊതുവിതരണ കേന്ദ്രങ്ങൾക്ക് മുന്നിലും പരിപാടികൾ സംഘടിപ്പിക്കാനും ബി.ജെ.പി ആസൂത്രണം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.