ഷാദ് രക്ഷപ്പെട്ടു, തലനാരിഴക്ക്..! നെഞ്ചിടിപ്പ് നിലച്ചു പോകും ഈ അപകടം കണ്ടാൽ... VIDEO

തളിപ്പറമ്പ്:  ശ്വാസം നിലച്ച് പോകുന്ന 14 സെക്കൻഡുകൾ..! നെഞ്ചിടിപ്പ് പോലും നിന്നുപോകും ഈ സി.സി.ടിവി ദൃശ്യങ്ങൾ കണ്ടാൽ. 3ാംക്ലാസ് വിദ്യാർഥിയായ ഷാദുറഹ്മാൻ എന്ന എട്ടുവയസ്സുകാരന്റെ അൽഭുതകരമായ രക്ഷപ്പെടലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത് ചൊറുക്കളയിലെ അബൂബക്കർ -സൈനബ ദമ്പതികളുടെ മകനാണ് തലനാരിഴക്ക് ജീവൻ തിരിച്ചുകിട്ടിയത്.

സംഭവമിങ്ങനെ: ഇരിട്ടി -തളിപ്പറമ്പ് സംസ്ഥാന പാതയോരത്തെ വീട്ടുമുറ്റത്ത് സൈക്കിളിൽ കളിക്കുകയായിരുന്നു ഷാദ്. കളിക്കുന്നതിനിടെ ​സൈക്കിളുമായി അബദ്ധത്തിൽ അതിവേഗം റോഡിലേക്കിറങ്ങി ചീറിപ്പാഞ്ഞു വന്ന ബൈക്കിലിടിക്കുകയായിരുന്നു. വാഹനങ്ങൾ തലങ്ങും വിലങ്ങും അതിവേഗത്തിൽ​പോകുന്ന റോഡിൽ, ഇടിയുടെ ആഘാതത്തിൽ ഒരുവശത്ത് നിന്ന് മറുവശത്തേക്ക് കുട്ടി തലകുത്തി വട്ടം കറങ്ങി തെറിച്ച് വീണു. പിന്നാലെ കുതിച്ചു വന്ന കെ.എസ്.ആർ.ടി.സി ബസ് ഷാദിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നു പോയി. ഈ ബസ് കയറിയിറങ്ങി സൈക്കിൾ തവിടുപൊടിയായി. അപകടം നടന്നയുടൻ എന്താണ് സംഭവിച്ചതെന്നറിയാതെ പകച്ചുനിൽക്കുന്ന ഷാദിനെയും വിഡിയോയിൽ കാണാം.

വലിയ ദുരന്തത്തിൽനിന്ന് തലനാരിഴയ്ക്കുള്ള രക്ഷപ്പെടൽ തീർത്തും അവിശ്വസനീയമാണ്. ഷാദിന്റെ ജേഷ്ഠൻ ഇംദാദിന് കഴിഞ്ഞ ദിവസം എൽ.എസ്.എസ് സ്കോളർഷിപ്പ് ലഭിച്ചിരുന്നു. ഇതിന് പിതാവ് സമ്മാനമായി നൽകിയ സൈക്കിളാണ് അപകടത്തിൽപെട്ടത്. പുത്തൻ സൈക്കിൾ വാങ്ങി രണ്ടാം ദിവസമായ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം.

അപകടത്തിൽ ഷാദിന്റെ കാൽ വിരലുകൾക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. തുടർന്ന് തളിപ്പറമ്പ് സഹ. ആശുപത്രിയിൽ നിന്ന് കാലിന് പ്ലാസ്റ്ററിട്ടിരിക്കുകയാണ്. 

കാൽ അനക്കാൻ കഴിയാത്തതിനാൽ സ്കൂളിൽ പോകാൻ കഴിയാത്തതും പരീക്ഷ എഴുതാനാകാത്തതുമാണ് തളിപ്പറമ്പ് സി.എച്ച്.എം. എ.എൽ.പി സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയായ ഷാദിനെ സങ്കടപ്പെടുത്തുന്നത്.   ഇതേത്തുടർന്ന്,  ഇതേസ്കൂളിലെ അധ്യാപകനായ പിതൃസഹോദരൻ അഷ്റഫ് അലി വൈകീട്ട്  ചോദ്യക്കടലാസ് കൊണ്ടുവന്ന് വീട്ടിൽനിന്ന് പരീക്ഷ എഴുതിക്കുന്നുണ്ട്.  കുറുമാത്തൂർ പു​ല്യാഞ്ഞോട് എ.എൽ.പി സ്കൂളിലെ അധ്യാപകനാണ് ഷാദിന്റെ പിതാവ് അബൂബക്കർ.

Full View



Tags:    
News Summary - Miraculous escape for boy from bicycle accident in chorkala, thalipparamba, kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.