കൊല്ലം: ദേശീയപാതയിലേക്ക് ചെറുറോഡുകൾ സംഗമിക്കുന്നിടത്ത് വാഹനങ്ങൾ വരുന്നുണ്ടോ എന്നറിയാൻ കണ്ണാടി (കോൺവെക്സ് മിറർ) സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. പൊതുമരാമത്ത് (ദേശീയപാത വിഭാഗം) ചീഫ് എൻജിനീയർക്കാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ് പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങളിലും നിലവാരത്തിലുമുള്ള കണ്ണാടികൾ സ്ഥാപിക്കാനാണ് ഉത്തരവ്. ചെറിയ റോഡുകളിൽനിന്ന് ദേശീയപാതയിലേക്ക് കയറുന്ന വാഹനങ്ങൾ കാരണം വിലപ്പെട്ട ജീവനുകൾ നഷ്്ടപ്പെടുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എം. ഹുമയൂൺ സമർപ്പിച്ച പരാതിയിലാണ് നടപടി.
കമീഷൻ പൊതുമരാമത്ത് ചീഫ് എൻജിനീയറുടെ റിപ്പോർട്ട് വാങ്ങി. ദേശീയപാതയിലെ അപകടകരമായ സ്ഥലങ്ങളിൽ സിഗ്നൽ സ്ഥാപിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ദേശീയപാതയിൽ കണ്ണാടി സ്ഥാപിക്കുന്നത് സംബന്ധിച്ച് നിയമത്തിൽ പ്രതിപാദിക്കാത്ത സാഹചര്യത്തിൽ ഗതാഗത മന്ത്രാലയത്തിെൻറ അംഗീകാരം തേടേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ചെറിയ റോഡുകൾ വന്നുചേരുന്നിടത്ത് കണ്ണാടി സ്ഥാപിക്കുകയാണെങ്കിൽ വ്യക്തമായ കാഴ്ച ലഭിക്കുമെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. അപകടം കുറയ്ക്കാൻ ഇതുവഴി കഴിയും. ഇക്കാര്യത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.