വട്ടപ്പാറ: വട്ടപ്പാറ പെരുംകൂരിൽ കഴിഞ്ഞ ദിവസം കാണാതായ പ്ലസ് ടു വിദ്യാർത്ഥിനിയെ റോഡരികിൽ തലപൊട്ടി ചോര വാർന്ന നിലയിൽ കണ്ടെത്തി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വട്ടപ്പാറ പൊലിസ് പെൺകുട്ടിയെ ആദ്യം കന്യകുളങ്ങര സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച രാത്രി 9 നാണ് വട്ടപ്പാറ പെരുംകൂർ സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ കാൺമാനില്ലെന്ന് കാട്ടി ബന്ധുക്കൾ വട്ടപ്പാറ പൊലിസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വ്യാഴാഴ്ച രാവിലെ 9.30 ന് പെൺകുട്ടിയുടെ വീടിന് അര കിലോമീറ്റർ അകലെ കുറ്റിച്ചെടികൾക്കിടയിൽ തലപൊട്ടി ചോര വാർന്ന് അബോധാവസ്ഥയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
രാവിലെ അതുവഴി പോയവർ ഞരക്കം കേട്ട് നോക്കിയപ്പോഴാണ് പെൺകുട്ടിയെ കണ്ടത്. കാണാതായ ദിവസം കുട്ടി സ്കൂളിൽ നിന്നും വീട്ടിലെത്തിയ ശേഷം വീടിന് പുറത്തേക്ക് പോയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനാൽ വീട്ടുകാരും ബന്ധുക്കളും സമീപപ്രദേശങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് മാതാവ് വട്ടപ്പാറ പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടിയെ കൂടാതെ അമ്മയും സഹോദരിയും അമ്മൂമ്മയും മാത്രമാണ് വീട്ടിലുള്ളത്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുന്നതായി വട്ടപ്പാറ സി. ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.