തിരുവനന്തപുരം: പി.എസ്.സി വിജ്ഞാപനപ്രകാരം പ്രൈമറി സ്കൂൾ അധ്യാപക തസ്തികയിലേക്ക് (എൽ.പി.എസ്.എ, യു.പി.എസ്.എ) അപേക്ഷിച്ച നൂറുകണക്കിന് ഉദ്യോഗാർഥികളുടെ ഒാൺലൈൻ അപേക്ഷ കാണാതായ സംഭവത്തിൽ പി.എസ്.സിക്ക് വീഴ്ചസംഭവിച്ചിട്ടില്ലെന്ന് സാങ്കേതികസമിതി റിപ്പോർട്ട്.
പരാതി നൽകിയവരുടെ പ്രൊഫൈൽ പരിശോധിച്ചപ്പോൾ അവരുടെ അപേക്ഷ ലഭിച്ചതായി കാണുന്നില്ല. എന്നാൽ, ഒരുലക്ഷത്തോളം അപേക്ഷകൾ ഇതിനോടകം പി.എസ്.സിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച റിപ്പോർട്ട് വെള്ളിയാഴ്ച ചെയർമാൻ എം.കെ. സക്കീറിന് കൈമാറും. ഈ റിപ്പോർട്ട് തിങ്കളാഴ്ച ചേരുന്ന കമീഷൻ ചർച്ച ചെയ്യും.
കൺഫർമേഷനുവേണ്ടി പലർക്കും സന്ദേശം വന്നപ്പോൾ ലഭിക്കാതെവന്ന ചില ഉദ്യോഗാർഥികളാണ് അപേക്ഷയില്ലാത്ത വിവരം കണ്ടെത്തുന്നത്. ഒാൺലൈനായി അധ്യാപക തസ്തികയിലേക്ക് സമർപ്പിച്ച അപേക്ഷ മാത്രം പ്രൊഫൈലിലില്ല. ഇതോടെ അപേക്ഷിച്ച ദിവസം, യോഗ്യതകൾ, യൂസർ ഐ.ഡി എന്നിവ സഹിതം പി.എസ്.സിക്ക് ഇ-മെയിലായി ഉദ്യോഗാർഥികൾ പരാതി നൽകി. വിവിധ ജില്ലകളിൽനിന്നുള്ള ഇരുന്നൂറോളം പേരാണ് പരാതി നൽകിയത്.
അതേസമയം ഇതോടൊപ്പം മറ്റ് തസ്തികകളിൽ സമർപ്പിച്ച അപേക്ഷകൾ ഇപ്പോഴും ഇവരുടെ പ്രൊഫൈലിലുണ്ട്. സെപ്റ്റംബർ 11നാണ് പരീക്ഷയെഴുതുമെന്ന് പി.എസ്.സിക്ക് ഉറപ്പുനൽകാനുള്ള അവസാന തീയതി. പ്രായപരിധിയിലെത്തിയതിനാൽ ഇനിയൊരവസരം ലഭിക്കാത്തവരാണ് ഏറെപ്പേരും.
പരാതി ഉയർന്ന പശ്ചാത്തലത്തിൽ പി.എസ്.സിയിലെ സിസ്റ്റം മാനേജർ അടങ്ങുന്ന സാങ്കേതികവിഭാഗം ഇക്കാര്യം അന്വേഷിച്ച് ചെയർമാന് നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. ഉദ്യോഗാർഥികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.