കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യക്തികളും സ്ഥാപനങ്ങളും നൽകിയ ചെക്ക്, ഡി.ഡി എന്നിവ ഇ-ഫണ്ട് സോഫ്റ്റ് വെയറിൽ അപ്ലോഡ് ചെയ്തതിലും വ്യത്യാസമെന്ന് റിപ്പോർട്ട്. ചെക്ക്, ഡി.ഡി എന്നിവ കലക്ടറേറ്റുകളിൽ ഇ-ഫണ്ട് ലോഗിനുകൾ വഴിയാണ് അപ്ലോഡ് ചെയ്തത്. എന്നാൽ, എറണാകുളം കലക്ടറേറ്റിൽ 2018 ഏപ്രിൽ ഒന്നുമുതൽ 2020 മാർച്ച് 31 വരെ 21 സംഭാവനകൾ മാത്രമാണ് അപ് ലോഡ് ചെയ്തത്.
അതേസമയം, 2020 ഏപ്രിൽ ഒന്നുമുതൽ 2021 മാർച്ച് 31 വരെ 170 ചെക്ക്, ഡി.ഡി വിവരങ്ങൾ അപ്ലോഡ് ചെയ്തു. 2020 മേയ് 14ന് സഫ്ദർ ഹഷ്മി സാംസ്കാരിക കേന്ദ്രം സെക്രട്ടറി നൽകിയ 10,000 രൂപയുടെ ചെക്ക് അപ്ലോഡ് ചെയ്തിട്ടില്ല. സംഭാവനകൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയതിൽനിന്ന് വ്യത്യസ്തമായ തുകകളാണ് അപ്ലോഡ് ചെയ്തത്. കാംകോ ജീവനക്കാരുടെ കോഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി സംഭാവന നൽകിയത് ഒരു ലക്ഷത്തിന്റെ ചെക്കാണ്. രേഖപ്പെടുത്തിയതാകട്ടെ രണ്ടുലക്ഷം എന്നാണ്. ബ്രൈറ്റ് ഇലക്ട്രിക്കൽ 25,000 നൽകിയപ്പോൾ 2500 രൂപയാണ് ഇ-ഫണ്ടിലെത്തിയതെന്നും കണ്ടെത്തി.
2018 സെപ്റ്റംബർ ഏഴുമുതൽ 2019 മാർച്ച് 23 വരെ 186 ചെക്ക്, ഡി.ഡി വിവരങ്ങൾ രേഖപ്പെടുത്തിയതിൽ ബഹുഭൂരിപക്ഷവും താലൂക്ക് ഓഫിസുകളിൽനിന്ന് കലക്ടറേറ്റിലേക്കാണ് കൈമാറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ച സ്വർണാഭരണങ്ങൾ നിയമങ്ങൾ പാലിച്ച് വിൽപന നടത്തി തുക സി.എം.ഡി.ആർ ഫണ്ടിൽ ഒടുക്കിയശേഷം അത് സംബന്ധിച്ച വിവരങ്ങൾ ധനവകുപ്പിലേക്ക് (ഫണ്ട്സ്) നൽകണമെന്നായിരുന്നു സർക്കാർ നിർദേശം. സംഭാവനകളുടെ വിവരങ്ങൾ സോഫ്റ്റ് വെയറിൽ അതത് ദിവസം തന്നെ രേഖപ്പെടുത്തുന്നതിനും സംഭാവനയായി ലഭിക്കുന്ന സ്വർണാഭരണങ്ങളുടെ തൂക്കം, മാറ്റ് എന്നിവ കണക്കാക്കി ദാതാവിന് രസീത് ഉടൻ നൽകണമെന്നും ഈ രസീത് മുഖ്യമന്ത്രിയുടെ ഓഫിസിനും ധനവകുപ്പിനും അയച്ചുകൊടുക്കണമെന്നുമായിരുന്നു നിർദേശം. വിറ്റശേഷം ലഭിച്ച തുക ഉടൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണമെന്നും നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ ദാതാവിന് ഒറിജിനൽ രസീത് നൽകുകയും വേണം.
സ്വർണ ഉരുപ്പടികൾ 2018 ഡിസംബർ 27നും 2020 മാർച്ച് 10നും ക്വട്ടേഷൻ നടപടികൾ സ്വീകരിച്ചെങ്കിലും സ്ഥിരപ്പെടുത്താൻ ആയില്ല. പിന്നീട്, 2016-17 കാലത്ത് സിവിൽ സ്റ്റേഷനിൽനിന്ന് കളഞ്ഞുകിട്ടിയ 9.220 ഗ്രാം മാല അടക്കം വിൽപന നടത്തുന്നതിന് 2021 ജൂലൈ 16നാണ് ക്വട്ടേഷൻ നടപടി സ്വീകരിച്ചത്. ഗ്രാമിന് 4402 രണ്ടുരൂപ നിരക്കിൽ മൂവാറ്റുപുഴ രാജൻ കുര്യന് ക്വട്ടേഷൻ താൽക്കാലികമായി ഉറപ്പിച്ച് വിലന നടത്തിയെന്ന് ധനവകുപ്പിന് കത്ത് നൽകി.
സർക്കാർ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ നിർദേശം. താലൂക്ക് ഓഫിസുകളിൽ ലഭിച്ച സംഭാവനകൾ ഇ- ഫണ്ട് സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ലാത്ത എല്ലാ ചെക്കുകളുടെയും ഡി.ഡികളുടെയും വിവരങ്ങൾ അടിയന്തരമായി അപ്ഡേറ്റ് ചെയ്യുന്നതിന് കലക്ടർക്ക് നിർദേശം നൽകണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്തു. സർക്കാർ ഉത്തരവ് കർശനമായി പാലിക്കണമെന്ന് ഭരണവകുപ്പ് കലക്ടർക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.