കോഴിക്കോട്: ജെൻഡർ ന്യൂട്രാലിറ്റിയിൽ വിചിത്രവാദവുമായി മുസ്‍ലിം ലീഗ് നേതാവ് എം.കെ. മുനീർ എം.എൽ.എ. ജെൻഡർ ന്യൂട്രാലിറ്റിയാണെങ്കിൽ പ്രായപൂർത്തിയായ പുരുഷൻ ഒരു ആൺകുട്ടിയുമായി ലൈംഗികമായി ബന്ധപ്പെട്ടാൽ അതിന്‍റെ പേരിൽ പോക്സോ കേസ് എടുക്കുന്നത് എന്തിനാണെന്ന് എം.കെ മുനീർ ചോദിച്ചു. സമൂഹത്തിനുള്ളിൽ ജെൻഡർ ന്യൂട്രാലിറ്റിയെ ദുരുപയോഗം ചെയ്യുന്ന എത്രയാളുകൾ ഉണ്ടാകുമെന്ന് നമ്മൾ ആലോചിക്കണമെന്നും മുനീർ ചൂണ്ടിക്കാട്ടി.
'ഹോമോസെക്ഷ്വാലിറ്റിയുടെ പേരില്‍ എത്ര കേസുകള്‍ നടക്കുന്നു? പോക്സോ കേസുകളൊക്കെ എന്താണ്? പുരുഷന്‍ ആണ്‍കുട്ടിയുമായി ബന്ധപ്പെട്ടതിന്‍റെ പേരില്‍ പോക്സോ കേസ് എടുക്കുന്നത് എന്തിനാ? ജെൻഡർ ന്യൂട്രാലിറ്റിയാണ്. ജെൻഡർ ന്യൂട്രാലിറ്റിക്ക് കേസെടുക്കുന്നു. ഇപ്പോ പോക്സോ ആവശ്യമുണ്ടോ? ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് പറയുമ്പോഴും സമൂഹത്തില്‍ ഇതിനെ ദുരുപയോഗം ചെയ്യുന്ന എത്ര ആളുകളുണ്ടാവുമെന്ന് ആലോചിക്കുക'- എം.കെ. മുനീര്‍ പറഞ്ഞു.
ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ ഭൂരിപക്ഷം മതവിശ്വാസികളെ വെല്ലുവിളിക്കുകയാണ്. പെണ്‍കുട്ടികള്‍ പാന്‍റസും ഷര്‍ട്ടുമിട്ടാല്‍ ലിംഗനീതിയാവുമോ? വസ്ത്രധാരണരീതി മാറി കഴിഞ്ഞാല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടോയെന്നും എം.കെ. മുനീര്‍ ചോദിച്ചു. ലിംഗനീതിയാണ് ആവശ്യമെന്നും മുനീർ ചൂണ്ടിക്കാട്ടി. കോഴിക്കോട് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്‍ സംഘടിപ്പിച്ച 'കേരള പാഠ്യ പദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങള്‍' എന്ന വിഷയത്തിലെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു മുനീർ.
അതേസമയം, സെമിനാറിലെ വിവാദ പ്രസംഗം ചർച്ചയായതിന് പിന്നാലെ വിശദീകരണവുമായി മുനീർ രംഗത്തെത്തി. സ്കൂളുകളിൽ ജെൻഡർ ന്യൂട്രാലിറ്റി വന്നാൽ പോക്സോ നിഷ്പ്രഭമാകുമെന്നാണ് താൻ പറഞ്ഞതെന്ന് എം.കെ മുനീര്‍ വിശദീകരിച്ചു.
ആൺകുട്ടികൾക്ക് എതിരെ ലൈംഗികാതിക്രമം ഉണ്ടായാൽ ജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ കുറ്റവാളികൾ രക്ഷപ്പെടും. പോക്സോ നിയമത്തിനായി പ്രവർത്തിച്ചയാളാണ് താൻ. ചാനലുകൾ തന്നെ വ്യക്തിഹത്യ നടത്തുകയാണ്. തന്‍റെ വാക്കുകൾ വളച്ചൊടിച്ചെന്നും തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുനീര്‍ വ്യക്തമാക്കി.
'ഗേ' എന്നതിനെ അംഗീകരിക്കണമെന്നാണ് പറയുന്നത്. ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന് ശേഷം മാത്രമേ സമൂഹം പക്വതയിലെത്തൂ. താന്‍ ജെന്‍ഡര്‍ പാര്‍ക്കുണ്ടാക്കിയിട്ടുള്ളത് ആണിന് പെണ്ണിനെയും പെണ്ണിന് ആണിനെയുമൊക്കെ തിരിച്ചറിയാന്‍ വേണ്ടിയാണെന്നും എം.കെ. മുനീര്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.