കോഴിക്കോട്: വിയോജിപ്പും വിയോജനക്കുറിപ്പും വിമർശനവുമൊന്നും പറ്റാത്ത, വാഴ്ത്തലും പുകഴ്ത്തലും മാത്രമായ കാലഘട്ടത്തിലാണ് കോൺഗ്രസെന്ന് സംശയിക്കുന്നതായി എം.കെ. രാഘവൻ എം.പി. മുന്‍മന്ത്രി അഡ്വ. പി. ശങ്കരന്റെ പേരില്‍ അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ പുരസ്കാരം, വി.എം. സുധീരന് നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കണമെന്നതാണ് കോണ്‍ഗ്രസിലെ സാഹചര്യമെന്ന് പറയേണ്ടിവന്നതിൽ ദുഃഖമുണ്ട്. ഉപയോഗിക്കുക, വലിച്ചെറിയുക എന്ന രീതിയാണിപ്പോൾ. സമീപകാലത്തെ ഒരുപാട് സംഭവങ്ങൾ ഈ അഭിപ്രായത്തിന് കാരണമാണ്. പാർട്ടിയിൽ തെരഞ്ഞെടുപ്പ് ഒരിക്കലും നടക്കുമെന്ന് വിശ്വസിക്കുന്നയാളല്ല താൻ. ലീഗിൽ പോലും തെരഞ്ഞെടുപ്പ് നടന്നു. സ്വന്തമായും സ്വന്തക്കാരുടെയും ലിസ്റ്റ് ഉണ്ടാക്കുന്നതിനപ്പുറം പാർട്ടിയുടെ വളർച്ചക്കും ഗുണപരമായ മാറ്റത്തിനും ആളുകളെ കൊണ്ടുവരുന്നില്ലെങ്കിൽ നാളെ നാമെവിടെയെത്തുമെന്ന് ആലോചിക്കണം-രാഘവൻ പറഞ്ഞു.
പഴയ ആളുകള്‍ എത്ര വിമര്‍ശിച്ചാലും ആത്മബന്ധം നഷ്ടപ്പെടാത്തവരായിരുന്നു. ഇന്ന് രാജാവ് നഗ്നനെന്ന് പറയാനാളില്ലാതായി. അര്‍ഹരായവര്‍ ഒരുപാടുപേര് പുറത്തുണ്ട്. കെ.പി.സി.സി അംഗങ്ങളുടെ പട്ടിക ഇന്നും പ്രസിദ്ധീകരിച്ചിട്ടില്ല. ലിസ്റ്റില്‍ പേരുണ്ടെന്നും പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കണമെന്നും ഓരോരുത്തരെ വിളിച്ച് പറയുന്നു. ഇതുപോലൊരു അവസ്ഥ മുമ്പ് ഉണ്ടായിട്ടില്ല. പരാജയങ്ങളില്‍നിന്ന് പാഠം ഇനിയെങ്കിലും പഠിക്കണം. തോല്‍വിയുടെ ഉത്തരവാദികള്‍ അനുയായികളല്ല. പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരാനാവുന്നവരെയും ജനം അംഗീകരിക്കുന്നവരെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണം.
ജനങ്ങളും അണികളും നാടും അംഗീകരിക്കുന്ന സുധീരനെപ്പോലുള്ളവരാണ് മുന്നിലുണ്ടാവേണ്ടത്. സുധീരനും ആന്റണിയും പ്രകാശം പരത്തുന്ന നേതാക്കളാണ്. ധാര്‍മികതയും മൂല്യവും ഉള്ളവര്‍ക്കേ നിലപാടുണ്ടാവുകയുള്ളൂ. സായ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കില്ലെന്ന് തെളിയിച്ച അപൂർവ കോൺഗ്രസുകാരിലൊരാളാണ് സുധീരനെന്നും രാഘവൻ പറഞ്ഞു.
പാർട്ടി നയങ്ങളിലും സമീപനങ്ങളിലും ശൈലിയിലും മാറ്റം വേണമെന്ന് വി.എം. സുധീരൻ ആവശ്യപ്പെട്ടു. നെഹ്റുവിന്റെയും ഇന്ദിര ഗാന്ധിയുടെയും സാമ്പത്തിക നയങ്ങളിലേക്കുതന്നെ മടങ്ങണമെന്നും നേതൃത്വമാണ് നടപടിയെടുക്കേണ്ടതെന്നും സുധീരൻ ആവശ്യപ്പെട്ടു.
പാർട്ടിയിൽ രാഘവന് പറഞ്ഞവിധം പ്രശ്നങ്ങളില്ലെന്ന്, തുടർന്ന് സംസാരിച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് വിശദീകരിച്ചു. പൊതുവേദിയില്‍ ഇത്തരം പരാമര്‍ശം ശരിയായില്ലെന്നും നിയാസ് പറഞ്ഞു. എന്നാൽ, നേതാക്കന്മാരുടെ കൈയാളുകൾക്കാണ് പാര്‍ട്ടിയില്‍ രക്ഷയെന്ന് മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാറിന്റെ അധ്യക്ഷതയിലായിരുന്നു ചടങ്ങ്.
തിരുവനന്തപുരം: കോഴിക്കോട് ഡി.സി.സി സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ എം.കെ. രാഘവൻ എം.പി ഉന്നയിച്ച പരസ്യവിമർശനം അനുചിതവും പാർട്ടി അണികളുടെ ആത്മവിശ്വാസം തകർക്കുന്നതുമാണെന്ന് ഡി.സി.സി പ്രസിഡന്റിന്റെ റിപ്പോർട്ട്. വിമർശനത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അടിയന്തര റിപ്പോര്‍ട്ട് തേടിയതനുസരിച്ചാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഡി.സി.സി അധ്യക്ഷൻ കെ. പ്രവീൺകുമാർ റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിനൊപ്പം രാഘവൻ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ ക്ലിപ്പും കൈമാറിയിട്ടുണ്ട്.പാർട്ടി വേദിയിൽ പറയേണ്ട കാര്യങ്ങളാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്. ഇത് പ്രവർത്തകരുടെ ആത്മവീര്യം തകർക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പട്ടിട്ടുണ്ട്. റിപ്പോർട്ടിലെ തുടർനടപടി കേന്ദ്ര-സംസ്ഥാന നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാകും തീരുമാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.