തിരുവനന്തപുരം: വിവാദ ഇംഗ്ലീഷ് ലേഖനത്തിന്‍റെ പശ്ചാത്തലത്തിൽ ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. പാർട്ടിയുടെയും മുന്നണിയുടെയും നിലപാടിന് വിരുദ്ധമായി സ്വന്തം അഭിപ്രായം പറയണമെങ്കിൽ, തരൂർ പ്രവർത്തക സമിതിയിൽ നിന്ന് ഒഴിയണമെന്ന് എം.എം. ഹസൻ വ്യക്തമാക്കി.
ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ് തരൂർ ഓരോന്നും എഴുതുന്നതും പറയുന്നതും. മണ്ഡലത്തിൽ അന്വേഷിച്ചാൽ തന്നെ തരൂരിന് സ്വന്തം വാദം ശരിയാണോ തെറ്റാണോ എന്ന് അറിയാൻ പറ്റുമെന്നും എം.എം. ഹസൻ ചൂണ്ടിക്കാട്ടി.
ലേഖനത്തിലെ ഉള്ളടക്കം തെറ്റ് ആണ്. സ്വന്തം മണ്ഡലത്തിൽ പുതിയ സംരംഭങ്ങൾക്കായി അപേക്ഷ കൊടുത്ത ആളുകൾ എത്ര കാലം കാത്തിരിക്കുന്നുവെന്ന് അന്വേഷിച്ചിട്ട് ലേഖനം എഴുതിയിരുന്നെങ്കിൽ തരൂരിന്‍റെ അഭിപ്രായത്തോട് യോജിക്കുമായിരുന്നുവെന്നും എം.എം. ഹസൻ കൂട്ടിച്ചേർത്തു.
അതിനിടെ, ആന്റണി സർക്കാറിന്റെ വ്യവസായ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് യു.ഡി.എഫ് നേതാവും മുൻ വ്യവസായ മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി ശശി തരൂരിന് മറുപടി നൽകിയത്. നിക്ഷേപങ്ങൾക്ക് അനുകൂലമായ നയമല്ല ഒരു കാലത്തും ഇടത് സർക്കാറുകളുടെതെന്നും അവരുടേത് പൊളിച്ചടുക്കൽ നയമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ വ്യവസായഭൂപടം മാറ്റിവരച്ചത് ആന്റണി സർക്കാറാണ്. പല ലോകോത്തര ആശയങ്ങളും കേരളത്തിലെത്തിച്ചത് ആന്റണി സർക്കാറാണ്. കിൻഫ്ര കൊണ്ടുവന്നത് യു.ഡി.എഫ് സർക്കാറാണ്. പിൽക്കാലത്ത് കേരളത്തിൽ വന്ന വ്യവസായങ്ങളിൽ 90 ശതമാനവും കിൻഫ്ര പാർക്കിനകത്താണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
വിമാനത്താവളങ്ങൾക്കുള്ള ഭൂമി പോലും നേടിയെടുത്തത് ഈ കിൻഫ്രയാണ്. അക്ഷയ കേന്ദ്രങ്ങളും ഇൻഫോപാർക്കും തുടങ്ങിയതും യു.ഡി.എഫ് സർക്കാറുകളാണ്. താൻ വ്യവസായ മന്ത്രിയായിരുന്ന കാലത്ത് വലിയ മാറ്റങ്ങളുണ്ടായി. കേരളത്തിന്റെ വ്യവസായത്തിന് അനുകൂലമായ പദ്ധതികളെ കുറിച്ച് ഗൗരവമായി ആലോചിച്ചു.
എൽ.ഡി.എഫ് സർക്കാർ ഇപ്പോൾ കൊട്ടിഘോഷിച്ചു കൊണ്ടു നടക്കുന്ന സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ യോഗ്യരായ എൻജിനീയർമാർ വേണം. അതിനുള്ള ശ്രമവും നടത്തിയത് യു.ഡി.എഫ് ആണ്. സ്വകാര്യ എൻജിനീയറിങ് കോളജുകൾക്കെതിരെ ഇടതുപക്ഷം നടത്തിയ രക്തരൂക്ഷിത സമരങ്ങൾ ജനങ്ങൾക്ക് ഇന്നും ഓർമയുണ്ടാകുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വെള്ളിയാഴ്ച ഒരു ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ശശി തരൂരിന്റെ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തെ അനുമോദിച്ചുള്ള പ്രതികരണമുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നത് ആശ്ചര്യകരമാണെന്നും സംരംഭക മുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നുമാണ് ലേഖനത്തില്‍ പറയുന്നത്.
ശശി തരൂരിന്‍റെ ലേഖനത്തിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ നടത്തിയത്. എന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം പറഞ്ഞതെന്ന് അറിയില്ലെന്ന് വി.ഡി സതീശൻ തുറന്നടിച്ചു. കേരളം വ്യവസായ സൗഹൃദമല്ലെന്നും ഒരുപാട് മെച്ചപ്പെട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.