തിരുവനന്തപുരം: പി.വി. അൻവറിനെപ്പൊലെ ഒരാളെ യു.ഡി.എഫിന് ആവശ്യമില്ലെന്ന് കൺവീനർ എം.എം. ഹസൻ. അൻവർ മുമ്പ് പറഞ്ഞതൊന്നും ഞങ്ങൾ മറന്നിട്ടില്ല. രാഹുലിന്‍റെ ഡി.എൻ.എ പരിശോധിക്കണമെന്ന് പറഞ്ഞയാൾ എങ്ങനെ കോൺഗ്രസുകാരനായിരുന്നെന്ന് പറയാനാവും. അൻവറിനെ പോലുള്ളവരെ സ്വീകരിക്കേണ്ട ഗതികേട് ഞങ്ങൾക്കില്ലെന്നും ഹസൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സി.പി.എം പാർലമെന്‍ററി പാർട്ടിയിൽനിന്ന് അൻവറിനെ പുറത്താക്കാത്തത് കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്ന ഭയത്താലാണ്. അൻവറിന്‍റെ ആരോപണങ്ങൾ തള്ളിക്കളയുക മാത്രമല്ല, ഗുരുതരമായ പ്രത്യാരോപണം മുഖ്യമന്ത്രി ഉന്നയിക്കുകയും ചെയ്തു. സ്വർണക്കടത്തുകാരുടെയും ഹവാലക്കാരുടെയും വക്താവായി സംസാരിക്കുന്ന ആളാണെന്നാണ് അൻവറിനെതിരെ പരോക്ഷമായി മുഖ്യമന്ത്രി പറഞ്ഞത്. അതിനെക്കുറിച്ച് അന്വേഷിക്കാനും പാർലമെന്‍ററി പാർട്ടിയിൽനിന്ന് പുറത്താക്കാനും മുഖ്യമന്ത്രി ആർജവം കാട്ടണം.
പൂരംകലക്കൽ സംഭവത്തിൽ കമീഷണറെ ബലിയാടാക്കി എ.ഡി.ജി.പി രക്ഷപ്പെട്ടു. എ.ഡി.ജി.പിക്കെതിരായ എല്ലാ ആരോപണങ്ങളും തള്ളി കുറ്റക്കാരനല്ലെന്ന് തെളിയിക്കാനാണ് ശ്രമം. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നത് യു.ഡി.എഫ് ചർച്ച ചെയ്യുമെന്നും ഹസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.