പാലാ ജോസിന് നൽകിയാൽ എൽ.ഡി.എഫ് വിടുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു -എം.എം. ഹസൻ

തിരുവനന്തപുരം: പാലാ നിയമസഭാ സീറ്റ് ജോസ് കെ. മാണി വിഭാഗത്തിന് കൊടുത്താൽ ഇടതു മുന്നണി വിടുമെന്ന് മാണി സി. കാപ്പൻ എം.എൽ.എ പറഞ്ഞതായി യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. ഇക്കാര്യം അറിയിക്കാൻ മാണി സി. കാപ്പൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഇടതു മുന്നണി മുങ്ങുന്ന കപ്പലാണ്. ജോസ് കെ. മാണി ഇടതുപക്ഷത്ത് എത്തിയത് കൊണ്ട് നേട്ടമുണ്ടാകില്ല. എൽ.ഡി.എഫിൽ നിന്ന് കൊഴിഞ്ഞു പോക്കുണ്ടാകുമെന്നും ഹസൻ പറഞ്ഞു.

യു.ഡി.എഫിൽ നിന്ന് ലഭിച്ച രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചത് കൊണ്ട് മാത്രം ധാർമിക നിലപാട് സ്വീകരിച്ചെന്ന് ജോസ് കെ. മാണിക്ക് അവകാശപ്പെടാനാവില്ല. യു.ഡി.എഫ് വഴി ലഭിച്ച കോട്ടയം ലോക്സഭ സീറ്റ് അടക്കം എല്ലാ അധികാര സ്ഥാനങ്ങളും ജോസ് കെ. മാണി വിഭാഗം രാജിവെക്കണം. അത്തരത്തിൽ നിലപാട് സ്വീകരിച്ചാൽ ധാർമികത പുലർത്തിയെന്ന് പറയാമെന്നും എം.എം ഹസൻ വ്യക്തമാക്കി.

കോൺഗ്രസിനുള്ളിലെ ശക്തമായ എതിർപ്പ് മറികടന്നാണ് കെ.എം മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയത്. യു.ഡി.എഫിൽ നിന്ന് പുറത്താക്കിയെന്ന ജോസിന്‍റെ ആരോപണം തെറ്റിദ്ധാരണ പരത്താനാണ്. ജോസ് കെ. മാണിയുടെ പുതിയ തീരുമാനം വഞ്ചനയാണ്. യു.ഡി.എഫിനെ വഞ്ചിച്ചാണ് എൽ.ഡി.എഫിലേക്ക് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.