തിരുവനന്തപുരം: ശശി തരൂർ വിഷയം ഊതി വീർപ്പിച്ച് വഷളാക്കിയത് മാധ്യമങ്ങളാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. പൊതുസ്വീകാര്യനായ വ്യക്തിയാണ് ശശി തരൂർ. മൂന്നുതവണ പാർലമെന്‍റ് അംഗമായും കേന്ദ്രമന്ത്രിയായും പ്രവർത്തിച്ച്, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കും മത്സരിച്ച വ്യക്തിയാണ്. പാർട്ടിയിൽ അദ്ദേഹത്തിനുള്ള സ്ഥാനം അതിൽ നിന്നുതന്നെ വ്യക്തമാണെന്നും വാർത്തസമ്മേളനത്തിൽ ഹസൻ പറഞ്ഞു.
എ.ഐ.സി.സിയോ കെ.പി.സി.സിയോ അദ്ദേഹത്തോട് ഒരു അനീതിയും കാട്ടിയിട്ടില്ല. കാട്ടേണ്ട കാര്യവുമില്ല. അദ്ദേഹത്തിന് ഒരു വിലക്കും പാർട്ടി ഏർപ്പെടുത്തിയിട്ടുമില്ല. മലബാർ പര്യടനത്തിൽ ഒരു വിവാദവുമില്ല. അത് മാധ്യമങ്ങൾ ഉണ്ടാക്കിയ ജഗെപാകയാണ്. പാണക്കാട്ടേക്ക് തരൂർ മുമ്പും പലതവണ പോയിട്ടുണ്ട്. അതിന് ഒരു പുതുമയും ഇല്ല. അദ്ദേഹത്തെ മുന്നിൽനിർത്തിയാണ് തെരഞ്ഞെടുപ്പുകൾ ഉൾപ്പെടെ പാർട്ടി നേരിട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രകടനപത്രിക തയാറാക്കിയത് തരൂരാണ്.
കോഴിക്കോട്ടെ പരിപാടി വിലക്കാൻ പാടില്ലായിരുന്നു. അദ്ദേഹവും പാർട്ടിചട്ടങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കണമായിരുന്നു. അതിൽ ഒരച്ചടക്കലംഘനവും ആരും തരൂരിനെതിരെ ഉന്നയിച്ചിട്ടുമില്ല. തരൂരിന്‍റെ വരവിനെ വി.ഡി. സതീശൻ ഭയക്കുന്നുണ്ടോയെന്ന ചോദ്യത്തിന് സതീശൻ ആരെയും ഭയക്കുന്നില്ലെന്നും തിരിച്ച് തരൂരും ആരെയും ഭയക്കുന്നില്ലെന്നും ഹസൻ പറഞ്ഞു.
അച്ചടക്കനടപടി എന്ന പരാമർശം തരൂരിനെ ലക്ഷ്യമിട്ടല്ല. അത് എല്ലാ പ്രവർത്തകർക്കും ബാധകമെന്ന് വ്യക്തമാക്കിയതാണ്. സർക്കാറിനെതിരായ സമരങ്ങളിൽ ഒരു വൈകല്യവുമില്ലെന്നും തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിലടക്കം യോജിച്ച പ്രക്ഷോഭമാണ് നടക്കുന്നതെന്നും ഹസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.