കൊച്ചി: സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിന് മധ്യസ്ഥ ചർച്ചയിലും പരിഹാരമായില്ല. ഇരുകൂട്ടരും വിട്ടുവീഴ്ചക്ക് തയാറല്ലെന്ന് മധ്യസ്ഥ ചർച്ചക്ക് നിയോഗിച്ച മുതിർന്ന അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിലേക്ക് മാറ്റി.
മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകണമെന്നായിരുന്നു ലോറൻസിന്‍റെ ആഗ്രഹമെന്ന മകന്‍റെ വാദം അംഗീകരിച്ച ഹൈകോടതി സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് പെൺമക്കളായ ആശയും സുജാതയും അപ്പീൽ ഹരജി നൽകിയ സാഹചര്യത്തിൽ, ഡിവിഷൻബെഞ്ച് നിർദേശപ്രകാരം അഭിഭാഷകന്‍റെ സാന്നിധ്യത്തിലാണ് ചർച്ച നടന്നത്. മകൻ എം.എൽ. സജീവന്റെ നിലപാടിന് വിരുദ്ധമായി മൃതദേഹം പള്ളിയിൽ സംസ്കരിക്കണമെന്ന ആഗ്രഹമാണ് സുജാതയും ആശയും ഡിവിഷൻ ബെഞ്ചിനെ അറിയിച്ചത്.
ഈ തർക്കം സിവിൽ കോടതി മുഖേനയോ മധ്യസ്ഥ ചർച്ചയിലൂടെയോ ആണ് പരിഹരിക്കേണ്ടതെന്ന് വിലയിരുത്തിയാണ് കോടതി മധ്യസ്ഥതക്ക് വിട്ടത്. മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകണമെന്ന് മരണത്തിനുമുമ്പ് ലോറൻസ് രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിൽ ആഗ്രഹം അറിയിച്ചിരുന്നുവെന്ന സജീവന്റെ വാദം കണക്കിലെടുത്തായിരുന്നു സിംഗിൾബെഞ്ച് ഉത്തരവ്.
സെപ്റ്റംബർ 21നാണ് എം.എം. ലോറൻസ് മരിച്ചത്. കോടതി ഉത്തരവിനെത്തുടർന്ന് മൃതദേഹം കൊച്ചി ഗവ. മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.