കോഴിക്കോട്: കൂടരഞ്ഞിക്കടുത്ത് കക്കാടംപൊയിലിൽ തടയണകളും അനധികൃത നിർമാണങ്ങളും സന്ദർശിക്കാനെത്തിയ ജനകീയ രാഷ്ട്രീയ മുന്നണി പ്രവർത്തകർക്കുനേരെ ആക്രമണം. എം.എൻ. കാരശ്ശേരി, സി.ആർ. നീലകണ്ഠൻ, ഡോ. ആസാദ്, കുസുമം ജോസഫ്, കെ.എം. ഷാജഹാൻ തുടങ്ങി നാൽപതോളം പേരെയാണ് നാട്ടുകാരും മറ്റും ആക്രമിച്ചതെന്ന് കോഴിക്കോട് റൂറൽ എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു. പി.വി. അൻവർ എം.എൽ.എയുടെ ഗുണ്ടകളാണ് ആക്രമണത്തിനും ൈകയേറ്റതിനും പിന്നിലെന്ന് ജനകീയ രാഷ്ട്രീയ മുന്നണി പ്രവർത്തകർ പറഞ്ഞു. സി.പി.എം ലോക്കൽ സെക്രട്ടറിയായ ജലീലിെൻറ നേതൃത്വത്തിൽ നടന്ന കൈയേറ്റത്തിന് പിന്നിൽ ലീഗ്, കോൺഗ്രസ് പ്രാദേശിക നേതാക്കളുമുണ്ടായിരുന്നെന്നും അവർ ആരോപിച്ചു. പി.വി. അൻവറിനെ എന്തിനാണ് നിങ്ങൾ ലക്ഷ്യമിടുന്നതെന്നാണ് ഇവർ സാംസ്കാരിക പ്രവർത്തകരോട് ചോദിച്ചത്.
സമുദ്രനിരപ്പില്‍നിന്ന് മൂവായിരത്തോളം അടി ഉയരത്തിലുള്ള കക്കാടംപൊയില്‍ പ്രദേശത്തെ തടയണകളും പാറമടകളും അനധികൃത നിർമാണങ്ങളും കൈയേറ്റങ്ങളും സംബന്ധിച്ച് ഉയര്‍ന്നുവന്ന പരാതികളുടെ നിജസ്ഥിതി അന്വേഷിക്കാനാണ് ജനകീയ രാഷ്ട്രീയ മുന്നണി പ്രവർത്തകർ എത്തിയത്. എഴുത്തുകാരും കലാകാരന്മാരും പരിസ്ഥിതി ശാസ്ത്രജ്ഞരും സാമൂഹിക-സാംസ്കാരിക പ്രവർത്തകരുമടങ്ങിയ സംഘം ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് കോഴിക്കോട് നഗരത്തിൽനിന്ന് പ്രത്യേക ബസിൽ കക്കാടംെപായിലിലേക്ക് പോയത്. തേനരുവിയിലെ ക്വാറി സന്ദർശിച്ച സംഘം കക്കാടംപൊയിലിലെ അമ്യുസ്മെൻറ് പാർക്ക് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് നൂറിലേറെ പേർ തടഞ്ഞതും കൈയേറ്റം ചെയ്തതുമെന്ന് സംഘത്തിലുണ്ടായിരുന്ന കുസുമം ജോസഫ് പറഞ്ഞു. മദ്യപിച്ചാണ് പലരും എത്തിയതെന്നും കൈപിടിച്ച് തിരിച്ചെന്നും അവർ പറഞ്ഞു.
നിലമ്പൂരിലെ മാധ്യമപ്രവർത്തകനായ വിനോദിെൻറ ഫോൺ ഈ സംഘം പിടിച്ചുകൊണ്ടുപോയി. പിന്നീട് മണിക്കൂറുകൾക്കുശേഷമാണ് തിരിച്ചുെകാടുത്തത്. തിരുവമ്പാടി െപാലീസ് സ്ഥലത്തെത്തിയെങ്കിലും കാര്യമായി ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. വൈകീട്ട് കോഴിക്കോട് നഗരത്തിൽ തിരിച്ചെത്തിയ സംഘം സിറ്റി െപാലീസ് കമീഷണറുടെ ഓഫിസിലെത്തി വിവരം ധരിപ്പിച്ചു. റൂറൽ െപാലീസ് പരിധിയിലായിരുന്നതിനാൽ പിന്നീട് വടകര എസ്.പി ഓഫിസിലേക്ക് പരാതി ഇ-മെയിൽ ചെയ്തു. മാനാഞ്ചിറ എസ്.കെ സ്ക്വയറിൽ പ്രതിഷേധയോഗവും നടത്തി.
ആൾക്കൂട്ട ആക്രമണംകൊണ്ട് ജനകീയപ്രക്ഷോഭങ്ങളെ ഇല്ലാതാക്കാനാകുമെന്ന് പി.വി. അൻവറോ അൻവറിെൻറ മുന്നണിയോ മറ്റു മുന്നണിക്കാരോ കരുതേെണ്ടന്ന് എം.എൻ. കാരശ്ശേരി പറഞ്ഞു. സി.ആർ. നീലകണ്ഠൻ, ഡോ. ആസാദ്, കുസുമം ജോസഫ്, കെ.എം. ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. സംഭവത്തെക്കുറിച്ച് പി.വി. അൻവറിെൻറ പ്രതികരണം തേടിയെങ്കിലും ലഭ്യമായില്ല. പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകരെ കൈയേറ്റം നടത്തിയ ഗുണ്ടകൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.