കോഴിേക്കാട്: അംഗീകാരമില്ലാത്ത ഓൺലൈൻ ഏജൻസികൾ വഴി ബ്ലേഡ് വായ്പ വാങ്ങി ജീവിതം തുലയുന്നവരുടെ എണ്ണം കൂടുന്നു. ജില്ലയിൽ പലയിടത്തും ഇത്തരം സംഭവങ്ങൾ ഏറുേമ്പാഴും പലരും പരാതി നൽകാൻ മടിക്കുകയാണ്.
1000 രൂപ വായ്പയെടുത്തിട്ട് ലക്ഷം വരെ കടം കയറിയവരുണ്ട്. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്താണ് ചൈനീസ് പൗരന്മാരടക്കമുള്ളവരുടെ നേതൃത്വത്തിൽ കൊള്ള അരങ്ങേറുന്നത്. വിളിച്ച് ഭീഷണിപ്പെടുത്താനും വായ്പയെടുത്ത ആളുടെ മൊബൈൽ ഫോണിലെ സുഹൃത്തുക്കളുടെ നമ്പറിൽ വിളിച്ച് ' നാറ്റിക്കാനും' മലയാളി 'എക്സിക്യൂട്ടിവ്'മാരുമുണ്ട്.
റിസർവ് ബാങ്കടക്കം മുന്നറിയിപ്പ് നൽകിയിട്ടും ഗതികേടുകൊണ്ട് പലരും ഇവർക്കുമുന്നിൽ കൈനീട്ടുന്ന അവസ്ഥയാണ്. ആരും അറിയാതെ കടം വാങ്ങുകയാണ് പലരുടെയും പതിവെങ്കിലും ഓൺലൈൻ ഏജൻസികളിൽനിന്ന് വായ്പയെടുത്താൽ സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളും മുഴുവൻ അറിയുമെന്ന് പണം വാങ്ങി കുടുങ്ങിയ എരഞ്ഞിപ്പാലം സ്വദേശി പറഞ്ഞു.
വാട്സ്ആപ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നീ സമൂഹമാധ്യമങ്ങളിലൂടെയാണ് വായ്പയുടെ ലിങ്ക് ലഭിക്കുന്നത്. വിവിധ ആപ്പുകളും ലഭ്യമാണ്. ഫോട്ടോയും വിഡിയോയും ഫോൺ നമ്പറുകളുമടക്കം മുഴുവൻ വ്യക്തിവിവരങ്ങളും ആപ്പിലോ ലിങ്കിലോ പങ്കുവെക്കണം.
കോൺടാക്ടുകൾ ഇല്ലാത്ത ഫോണിൽനിന്നുള്ള അപേക്ഷയിൽ വായ്പ നൽകില്ല. തിരിച്ചടവിെൻറ കാലാവധിക്ക് മുമ്പുതന്നെ വായ്പയെടുത്തയാളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ച് ഭീഷണിപ്പെടുത്താനാണ് ഫോണിലെ മൊബൈൽ നമ്പറുകൾ ശേഖരിക്കുന്നത്. ആധാർ കാർഡിെൻറയും പാൻ കാർഡിെൻറയും കോപ്പിയും റഫറൻസിനായി രണ്ടു പേരുടെ നമ്പറും നൽകണം.
നൂറിലേറെ ഏജൻസികളാണ് പല രൂപത്തിൽ വായ്പ നൽകാൻ ഓൺലൈനിൽ സജീവമായുള്ളത്. 5000 രൂപ വാങ്ങിയാൽ ഒരാഴ്ചക്കകം 100 രൂപ പലിശയോടെ 5100 രൂപ തിരിച്ചടക്കണം.
അതേസമയം, 5000 രൂപ അക്കൗണ്ടിലെത്തില്ല. ജി.എസ്.ടി വകയിലും പ്രൊസസിങ് ചാർജായും 1600 രൂപ കുറയും. പലിശയടക്കം തിരിച്ചടച്ചാലും മുഴുവൻ തുകയും അടക്കാനാകില്ല.
െകാള്ളപ്പലിശയുടെ അടവ് തെറ്റിയാൽ വായ്പയെടുത്ത വ്യക്തിയുടെ ഫോണിലെ നമ്പറുകളുപയോഗിച്ച് വാട്സ്ആപ് ഗ്രൂപ്പുകളുണ്ടാക്കി ഫോട്ടോ അടക്കം േഫാർവേഡ് ചെയ്ത് അപമാനിക്കുന്നതും തുടരുകയാണ്. പലരും പരാതി നൽകാൻ മടിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ അപമാനിക്കുന്നതിനടക്കം കേസെടുക്കാമെന്നാണ് െപാലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.