പാലക്കാട്: ജില്ലാ ഭരണകൂടത്തിന്‍റെ വിലക്ക് മറികടന്ന് പാലക്കാട്ടെ എയ്ഡഡ് സ്കൂളിൽ ആർ.എസ്.എസ് ദേശീയ അധ്യഷൻ മോഹൻ ഭാഗവത് ദേശീയപതാക ഉയർത്തിയ സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ പി.മേരിക്കുട്ടി സർക്കാരിന് റിപ്പോർട്ട് നൽകും. ചട്ടലംഘനം നടത്തിയ സ്കൂളിന്‍റെ പ്രധാന അധ്യാപകനെ സസ്പെൻഡ് ചെയ്യണമെന്നും കേസെടുക്കണമെന്നുമാണ് കളക്ടറുടെ നിലപാട്. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും ഇത് സംബന്ധിച്ച റിപ്പോർട്ട് കൈമാറും.
പാലക്കാട് മൂത്താന്തറ കർണ്ണകിയമ്മൽ സ്കൂളിലാണ് മോഹൻ ഭാഗവത് വിലക്ക് മറികടന്ന് പതായ ഉയർത്തിയത്. തുടർന്ന് സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അദ്ദേഹം സംസാരിക്കുകയും ചെയ്തു. രാഷ്ട്രീയ നേതാക്കൾ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പതാക ഉയർത്തുന്നത് ചട്ടലംഘനമാണെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്. തിങ്കളാഴ്ച രാത്രി ജില്ലാ പോലീസ് മേധാവി, തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, ഡിഡിഇ എന്നിവർക്കും കളക്ടർ ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരുന്നു. ജില്ലാ ഭരണകൂടത്തിന്‍റെ വിലക്കുണ്ടായിരുന്നതിനാൽ ഒൗദ്യോഗിക പദവികൾ വഹിക്കുന്ന ആരും ചടങ്ങിനെത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.