തിരുവനന്തപുരം: പാലക്കാട് മൂത്താൻതറ കർണകിയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ചട്ടം ലംഘിച്ച് ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത് ദേശീയ പതാക ഉയർത്തിയ സംഭവത്തിൽ നടപടിക്കൊരുങ്ങി സർക്കാർ. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകി. നടപടിക്ക് മുന്നോടിയായി ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറിൽനിന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വിശദമായ റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വ്യക്തമാക്കി.
കഴിഞ്ഞ ആഗസ്റ്റ് 15നാണ് സ്കൂളിൽ മോഹൻ ഭാഗവത് ദേശീയ പതാക ഉയർത്തിയത്. ചട്ടം ലംഘിച്ചുകൊണ്ടാണ് ആർ.എസ്.എസ് നേതാവിനെക്കൊണ്ട് സർക്കാർ എയ്ഡഡ് സ്കൂളിൽ പതാക ഉയർത്തിച്ചത്. നിലവിെല ചട്ടപ്രകാരം സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും രാഷ്ട്രീയ നേതാക്കള്‍ക്ക് ദേശീയ പതാക ഉയര്‍ത്താന്‍ അനുവാദമില്ല. സ്കൂള്‍ മേധാവികള്‍ക്കോ വകുപ്പ് അധ്യക്ഷന്മാര്ക്കോ ആണ് പതാക ഉയര്‍ത്താന്‍ അനുമതിയുള്ളത്. മാത്രമല്ല, മോഹൻ ഭഗവത് സ്കൂളിൽ പതാക ഉയർത്തുന്ന സാഹചര്യം ഒഴിവാക്കണമെന്ന് തഹസിൽദാറും വിദ്യാഭ്യാസ വകുപ്പ് അധികൃതരും സ്കൂൾ അധികൃതർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. ഇത് വകവെക്കാതെയാണ് സ്കൂൾ അധികൃതരുടെ നടപടി.
ദേശീയപതാക ഉയര്‍ത്തിയശേഷം ദേശീയഗാനം ആലപിക്കണമെന്ന ചട്ടവും ലംഘച്ചു. ദേശീയഗാനത്തിനു പകരം വന്ദേമാതരമാണ് ആലപിച്ചതെന്ന് ജില്ല കലക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് 2002ലെ ദേശീയപതാക കോഡിന് എതിരാണ്. ഇൗ സാഹചര്യത്തിൽ ക്രിമിനൽ കേസ് എടുക്കുന്നതിെൻറ സാധ്യതയും പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ പാലക്കാട് ജില്ല പൊലീസ് സൂപ്രണ്ടിൽനിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഉത്തരവാദികൾ എന്ന നിലയിൽ സ്കൂൾ മാനേജർക്കും ഹെഡ്മാസ്റ്റർക്കുമെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന. നേരത്തേ സ്കൂൾ ഹെഡ്മാസ്റ്ററിൽനിന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിരുന്നു.
ജില്ല കലക്ടറും ഇൻറലിജൻസ് വിഭാഗവും സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പാലക്കാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തിക ഒഴിഞ്ഞുകിടന്നിരുന്നതിനാൽ ഇക്കാര്യത്തിൽ ഡി.ഡി.ഇയുടെ വിശദ റിപ്പോർട്ട് ലഭിച്ചിരുന്നില്ല. കലക്ടറുടെ റിപ്പോർട്ടിൽ പൊതുഭരണ വകുപ്പും നിയമവകുപ്പും നടപടിക്ക് ശിപാർശ ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞമാസം 27നാണ് നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയത്. ഇതിനിടെ പുതുതായി ചുമതലയേറ്റ പാലക്കാട് ഡി.ഡി.ഇയിൽനിന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വിശദറിപ്പോർട്ട് ആവശ്യപ്പെട്ടു. ഡി.ഡി.ഇ റിപ്പോർട്ട് തയാറാക്കിവരികയാണെന്നും ലഭിച്ചാൽ നടപടിയുണ്ടാകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ അറിയിച്ചു.
തേൻറടമുണ്ടെങ്കില് മോഹന്‍ ഭഗവതിനെതിരെ കേസെടുക്കണം –ചെന്നിത്തല
തിരുവനന്തപുരം: ദേശീയപതാക ഉയര്‍ത്തിയ കേസില്‍ സര്‍ക്കാറിന് തേൻറടമുണ്ടെങ്കിൽ ആർ.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജില്ല കലക്ടറുടെ നിരോധന ഉത്തരവ് മറികടന്ന് ദേശീയപതാക ഉയര്‍ത്തിയ മോഹന്‍ ഭഗവതിനെതിരെ കേസെടുക്കാതെ സ്കൂള്‍ മാനേജര്‍ക്കും പ്രധാന അധ്യാപികക്കുമെതിരെ കേസെടുക്കാൻ നിര്‍ദേശിച്ചത് കള്ളക്കളിയാണ്.മോഹന്‍ ഭഗവതിനെതിരെ കേസെടുക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടപ്പോള്‍ നിയമോപദേശം ലഭിക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഇപ്പോള്‍ മുഖ്യമന്ത്രിക്ക് എന്ത് നിയമോപദേശമാണ് ലഭിച്ചതെന്ന് വെളിപ്പെടുത്തണം. ആർ.എസ്.എസിനെ എന്നും പ്രീണിപ്പിക്കുന്ന നയമാണ് സര്‍ക്കാറിനുള്ളത്. അതിനാലാണ് മോഹന്‍ ഭഗവതിനെതിരെ കേസെടുക്കാതെ മാനേജര്‍ക്കും പ്രധാനാധ്യാപകനുമെതിരെ മാത്രം നടപടിക്ക് നിര്‍ദേശം നല്‍കിയതെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.