പെരുമ്പാവൂര്‍: നടന് മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നല്കിയ അപേക്ഷയില്‍ കുറുപ്പംപടി കോടതി വാദം കേട്ടു. കേസ് തീര്‍ക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതിെൻറ അടിസ്ഥാനത്തില്‍ ജൂലൈ 24ലേക്ക് മാറ്റി. എന്നാല്‍, കേസില്‍ കക്ഷിയായ ഏലൂര്‍ ഉദ്യോഗമണ്ഡല്‍ സ്വദേശി പിന്മാറാന് തയാറല്ലെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ ധരിപ്പിച്ചു.
ഇതുസംബന്ധിച്ച് ഹൈകോടതിയില്‍ കേസ് നിലനില്‍ക്കെ, കീഴ്കോടതി സര്‍ക്കാറിെൻറ അപേക്ഷ പരിഗണിക്കരുതെന്നും ആവശ്യപ്പെട്ടു. 2012ല്‍ മോഹന്‍ലാലിെൻറ തേവരയിലെ വീട്ടില്‍നിന്നാണ് ആദായ വകുപ്പ് ആനക്കൊമ്പ് കണ്ടെത്തിയത്. സംഭവത്തില്‍ 2019 ഒക്ടോബര്‍ 11ന് മോഹന്‍ലാലിനെ പ്രതിയാക്കി കോടനാട് റേഞ്ച് ഓഫിസര്‍ കുറ്റംപത്രം സമര്‍പ്പിച്ചു.
നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം െവച്ചതിനാണ് മോഹന്‍ലാലിനെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
2015ല്‍ ആനക്കൊമ്പ് സൂക്ഷിക്കാന്‍ മോഹന്‍ലാലിനെ ചുമതലപ്പെടുത്തി അന്നത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ആനക്കൊമ്പില്‍ തീര്‍ത്ത 13 ശിൽപങ്ങളും സൂക്ഷിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. കൃഷ്ണകുമാര്‍ എന്ന വ്യക്തി ആനക്കൊമ്പ് തനിക്ക് പാരിതോഷികമായി നല്‍കിയതാണെന്ന് മോഹന്‍ലാലും അവകാശവാദം ഉന്നയിച്ചിരുന്നു. ശിൽപങ്ങള് ലഭിച്ചത് സംബന്ധിച്ചുള്ള അന്വേഷണം ആവശ്യപ്പെട്ടും സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നതിനും ഒരു സ്വകാര്യഹരജി കോടതിയുടെ പരിഗണനയിലാണ്.
എന്നാല്‍, കുറ്റപത്രത്തില്‍ പരാമശിച്ചിരിക്കുന്നത് ആനക്കൊമ്പുകള്‍ മാത്രമാണ്. കേസില്‍ മോഹൻലാല്‍ ഉൾപ്പെടെ നാലുപേരെയാണ് പ്രതിചേര്‍ത്തിരുന്നത്. ഇതില്‍ ഒരാള്‍ മരിച്ചു. മറ്റുള്ളവര്‍ ജാമ്യമെടുത്തെങ്കിലും മോഹലാല്‍ ജാമ്യമെടുത്തിട്ടില്ല. രണ്ടുതവണ കോടതി നോട്ടീസ് അയച്ചെങ്കിലും അവധി അപേക്ഷ നല്‍കുകയായിരുന്നു. തൊണ്ടിമുതലും നടെൻറ കൈയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.