അടിമാലി: പിതാവിന്‍െറ ക്രൂരതയില്‍ മനസ്സും ശരീരവും തകര്‍ന്ന മാതാവ് മരണത്തോട് മല്ലിട്ട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വെന്‍റിലേറ്ററില്‍. അറസ്റ്റിലായ പിതാവ് ജയിലില്‍. ചിറകും തണലും നഷ്ടപ്പെട്ട് ജീവിതത്തിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് നാലു കുരുന്നുകള്‍.
വാളറ പാട്ടയടമ്പ് ആദിവാസി കോളനിയിലെ രവി-വിമല ദമ്പതികളുടെ മക്കളായ രതീഷ് (10), മായ (എട്ട്), മനു (ആറ്), ഉണ്ണി (മൂന്ന്) എന്നിവരുടെ നിസ്സഹായതയും ഭയവും മൂടിനില്‍ക്കുന്ന മുഖങ്ങള്‍ ആരുടെയും കരളലിയിക്കും. അമ്മക്കൊപ്പം മര്‍ദനമേറ്റ നവജാത ശിശുവാണ് കഴിഞ്ഞ ദിവസം മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവരുടെ ജീവിതത്തിന്‍െറ താളംതെറ്റിയത്. മദ്യപിച്ചത്തെിയ പിതാവ് രവി ഇവരുടെ മുന്നിലിട്ടാണ് മാതാവ് വിമലയെ ക്രൂരമായി മര്‍ദിച്ചത്. രണ്ടാഴ്ച മുമ്പ് ജനിച്ച കുഞ്ഞുപെങ്ങളുടെ പിതൃത്വത്തെ ചോദ്യംചെയ്തായിരുന്നു മര്‍ദനം.
കലിതുള്ളിനില്‍ക്കുന്ന പിതാവില്‍നിന്ന് മക്കളെ നാലുപേരെയും രക്ഷപ്പെടുത്തി ലക്ഷ്മി രവിയുടെ സഹോദരി ഓമനയുടെ വീട്ടിലത്തെി. വിമലയെയും നവജാത ശിശുവിനെയും ഇവിടേക്ക് ബലമായി കൊണ്ടുവന്ന രവി കുഞ്ഞിനെ ഓമനയെ എല്‍പിച്ചു. ഗുരുതര പരിക്കേറ്റ വിമല കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാവുകയും പിതാവിനെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തതോടെയാണ് പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ ഒറ്റപ്പെട്ടത്.
തല്‍ക്കാലം ഇവരുടെ സംരക്ഷണം ഏറ്റെടുത്തെങ്കിലും രോഗിയായ മാതാപിതാക്കളെയും പറക്കമുറ്റാത്ത നാല് കുട്ടികളെയും എങ്ങനെ സംരക്ഷിക്കുമെന്ന പ്രതിസന്ധിയിലാണ് ഓമന. തിങ്കളാഴ്ച ചൈല്‍ഡ് ലൈന്‍ ഈ കുട്ടികളെ ഏറ്റെടുക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍, നടപടി ഉണ്ടായില്ല. ഇളയകുട്ടി തിങ്കളാഴ്ചവരെ കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു. ഓമന വിമലയെ പരിചരിക്കാന്‍ കോട്ടയത്തേക്കുപോയതോടെ വീട്ടിലെ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായി.
യുവതിയുടെ നില ഗുരുതരം
അടിമാലി: ഭര്‍ത്താവിന്‍െറ മര്‍ദനത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആദിവാസി യുവതി വിമല(28)യുടെ ആരോഗ്യനില അതീവ ഗുരുതരം. വെന്‍റിലേറ്ററിന്‍െറ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നുണ്ടെങ്കിലും ആരോഗ്യനില മോശമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവരുടെ 16 ദിവസം പ്രായമായ പെണ്‍കുട്ടി ഞായറാഴ്ച രാത്രി മരിച്ച വിവരം അറിഞ്ഞതോടെയാണ് ആരോഗ്യനില കൂടുതല്‍ മോശമായത്.
ഭര്‍ത്താവ് രവിയെ റിമാന്‍ഡ് ചെയ്ത് ദേവികുളം സബ്ജയിലിലേക്ക് മാറ്റി. കുട്ടിയുടെ മൃതദേഹം പൊലീസിന്‍െറ സാന്നിധ്യത്തില്‍ പാട്ടയടമ്പിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. കുട്ടിയുടെ മരണാനന്തര ചെലവുകള്‍ സര്‍ക്കാറാണ് വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.