ഒറ്റപ്പാലം: കൃഷി വകുപ്പില്‍ നിന്നെന്ന വ്യാജേന വീടുകളിലെത്തി പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. തെങ്ങ് പരിപാലനത്തിനെന്ന പേരില്‍ രണ്ട് സ്ത്രീകള്‍ കണ്ണിയംപുറത്തെ റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥയില്‍ നിന്ന് 3000 രൂപ തട്ടിയെടുത്ത സാഹചര്യത്തിലാണ് കൃഷി ഓഫിസറുടെ ജാഗ്രത നിര്‍ദ്ദേശം.
കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ഫാം യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇവര്‍ റിട്ട. ഉദ്യോഗസ്ഥയെ സമീപിച്ചത്. വളപ്രയോഗം ഉള്‍പ്പടെയുള്ള തെങ്ങ് പരിപാലനവും തേങ്ങയിടലും ഏറ്റെടുത്ത് നടത്തുമെന്നും 20 തെങ്ങുകളില്‍ കൂടുതല്‍ ഉള്ളവര്‍ക്കുള്ള പ്രത്യേക പദ്ധതിയുടെ ഭാഗമാണിതെന്നും അറിയിച്ചായിരുന്നു തട്ടിപ്പ്.
ഒരു തെങ്ങില്‍ കയറി തേങ്ങയിടുന്നതിന് 25 രൂപയാണ് ഈടാക്കുന്നതെന്നും ഇതിനുള്ള രണ്ട് യന്ത്രങ്ങളും തൊഴിലാളികളെയും നാളെ എത്തിക്കുമെന്നും അറിയിച്ചാണ് മുന്‍കൂറായി 3000 രൂപ ഇവര്‍ കൈക്കലാക്കിയത്. ഇതിന് നല്‍കിയ രസീതിയുടെ പുറത്ത് ഇവരെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും കുറിച്ചുനല്‍കിയാണ് സ്ത്രീകള്‍ പണവുമായി സ്ഥലം വിട്ടത്.
പിന്നീട്, രസീതിയില്‍ ഇവര്‍ നല്‍കിയ നമ്പറില്‍ വിളിച്ചപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്. 'തേങ്ങ പറ്റിക്കല്‍' എന്നാണ് മൊബൈല്‍ ആപ്പുകളില്‍ ഇവരുടെ നമ്പര്‍ ഡയല്‍ ചെയ്തപ്പോള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസിലായത്.
കഴിഞ്ഞ വര്‍ഷങ്ങളിലും സമാന രീതിയിലുള്ള തട്ടിപ്പിന് നിരവധി പേര്‍ ഇരയായിട്ടുണ്ട്. സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്ന് ഇത്തരത്തില്‍ ഇറങ്ങി വില്‍പ്പന നടത്താന്‍ ഒരു ഉദ്യോഗസ്ഥനും അനുമതി നല്‍കിയിട്ടില്ലെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഒറ്റപ്പാലം കൃഷി ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.