തൃശൂർ: കൊടകര കുഴൽപണ കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെ കുരുക്കിലാക്കി കുറ്റപത്രം. കൊടകരയിൽ കൊള്ളയടിച്ച മൂന്നരക്കോടി കള്ളപ്പണമാണെന്നും കൊണ്ടുവന്നത് സുരേന്ദ്രൻെറ അറിവോടെയാണെന്നും ഇരിങ്ങാലക്കുട കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
കേസിൽ കെ. സുരേന്ദ്രൻ ഏഴാം സാക്ഷിയാണ്. 625 പേജുള്ള കുറ്റപത്രത്തിൽ 22 പ്രതികളും 219 സാക്ഷികളുമാണുള്ളത്. കെ. സുരേന്ദ്രന് പുറമെ പണം കൊണ്ടുവന്ന ധർമരാജൻ, ബി.ജെ.പി ആലപ്പുഴ ജില്ല ട്രഷറർ കെ.ജി. കർത്ത, ബി.ജെ.പി സംഘടന ജനറൽ സെക്രട്ടറി എം. ഗണേശൻ തുടങ്ങി 19 നേതാക്കളും സാക്ഷികളാണ്.
കുഴൽപണ കവര്‍ച്ചക്കേസിലാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട കള്ളപ്പണം ബംഗളൂരുവില്‍നിന്നാണ് എത്തിച്ചത്. കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് കെ. സുരേന്ദ്രെൻറ അറിവോടെയാണെന്നും കേരളത്തിലേക്ക് കൊണ്ടുവന്ന ധര്മരാജന് സുരേന്ദ്രൻെറയും ബി.ജെ.പി സംഘടന സെക്രട്ടറി എം. ഗണേശെൻറയും അടുപ്പക്കാരനാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
െതരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് പണം എത്തിച്ചത്. ബംഗളൂരുവിൽനിന്ന് ആലപ്പുഴ ജില്ല ട്രഷറർ കർത്തക്ക് കൈമാറാനായി കൊണ്ടുപോകും വഴിയാണ് തട്ടിയെടുക്കൽ അരങ്ങേറിയത്. കര്‍ണാടകയിൽ പോയി പണം കൊണ്ടുവരാൻ ധര്‍മരാജനെ ചുമതലപ്പെടുത്തിയത് ബി.ജെ.പി സംഘടന സെക്രട്ടറി എം. ഗണേശനും ഓഫിസ് സെക്രട്ടറി ഗിരീഷും ചേര്‍ന്നാണ് എന്നും കുറ്റപത്രത്തിലുണ്ട്.
പണം കടത്തിക്കൊണ്ടു വന്ന ധർമരാജൻ കേസിൽ രണ്ടാം സാക്ഷിയാണ്. കെ. സുരേന്ദ്രൻെറ മകൻ ഹരികൃഷ്ണനും സാക്ഷിപ്പട്ടികയിലുണ്ട്. കേസിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും രണ്ടുകോടി രൂപ കിട്ടാനുണ്ടെന്നും ആവശ്യമെങ്കിൽ തുടരന്വേഷണത്തിനും അന്വേഷണ സംഘം ശിപാര്‍ശ ചെയ്യുന്നു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കേണ്ടത് എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പുമാണ്.
അതുകൊണ്ടുതന്നെ കുറ്റപത്രത്തിൻെറ പകർപ്പ് എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും ആദായ നികുതി വകുപ്പിനും കൈമാറുമെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം മേധാവി എ.സി.പി വി.കെ. രാജുവാണ് കോടതിയിലെത്തി കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.