കൊച്ചി: കർണാടകയിലെ ക്വാറി ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മൂന്നാം തവണയും പി.വി. അൻവർ എം.എൽ.എ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുമ്പിൽ ഹാജരായി. കൊച്ചിയിലെ ഇ.ഡി ഓഫിസിലാണ് ഹാജരായത്. കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അൻവറിനെ വിളിച്ചുവരുത്തി ഇ.ഡി. ചോദ്യം ചെയ്തിരുന്നു. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ ഒൻപത് മണിക്കൂർ നീണ്ടു.
പി.വി. അൻവർ എം.എൽ.എയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൊച്ചി യൂനിറ്റ് മലപ്പുറം സ്വദേശിയിൽ നിന്ന് നേരത്തെ വിവരങ്ങൾ ശേഖരിച്ചിരുന്നു. പി.വി. അൻവർ ആരോപണവിധേയനായ ക്രഷർ തട്ടിപ്പുകേസിൽ പരാതിക്കാരനായ മലപ്പുറം പട്ടർകടവ് സ്വദേശി നടുത്തൊടി സലീമിൽ നിന്നാണ് മൊഴിയെടുത്തത്.
അസിസ്റ്റന്റ് ഡയറക്ടർ സുരേന്ദ്ര ഗണേഷ് കവിത്കറിന്റെ നേതൃത്വത്തിലെ സംഘമാണ് അന്ന് വിവരങ്ങൾ തേടിയത്. മംഗളൂരു ബൽത്തങ്ങാടിയിലെ ക്രഷർ അൻവറിന് വിറ്റ കാസർകോട് സ്വദേശി ഇബ്രാഹിമിനെയും ഇ.ഡി വിളിപ്പിച്ചിരുന്നു. ക്രഷറിൽ ഷെയറും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങി അൻവർ കബളിപ്പിച്ചെന്ന് കാണിച്ച് സലീം മഞ്ചേരി സി.ജെ.എം കോടതിയിൽ നൽകിയ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് ഇ.ഡി ശേഖരിച്ചത്.
2017ലാണ് പരാതി കോടതിയിൽ നൽകിയത്. പിന്നീട് അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് ക്രൈംബ്രാഞ്ചിനോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. ക്രൈംബ്രാഞ്ച് രണ്ടുതവണ റിപ്പോർട്ട് നൽകി. നിലവിൽ സി.ജെ.എം കോടതിയിലുള്ള ഈ കേസ് അവസാനഘട്ടത്തിലാണ്. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം. ക്രഷർ വിൽപനയിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. പി.വി. അൻവറുമായി ബന്ധപ്പെട്ട മറ്റു ബിസിനസ് ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.