മലപ്പുറം: യാത്രക്കാരെ ദുരിതത്തിലാക്കി ഗോ ഫസ്റ്റ് വിമാനക്കമ്പനി സര്‍വിസ് നിര്‍ത്തിയതിനെതിരെ പരാതിയുമായി പ്രവാസി യാത്രക്കാര്‍. ആഭ്യന്തര-രാജ്യാന്തര സര്‍വിസുകള്‍ ഏപ്രില്‍ മാസത്തോടെ റദ്ദാക്കിയ ഗോ ഫസ്റ്റ് വിമാനക്കമ്പനി ബദല്‍ സംവിധാനമൊരുക്കുകയോ ടിക്കറ്റ് തുക റീഫണ്ട് ചെയ്യുകയോ ചെയ്തിട്ടില്ല. വിമാനക്കമ്പനി താല്‍ക്കാലികമെന്ന വിശദീകരണത്തോടെ സര്‍വിസുകള്‍ റദ്ദാക്കിയത് വീണ്ടും നീട്ടിയ സാഹചര്യത്തില്‍ യാത്രക്കു വേണ്ടി മുന്‍കൂട്ടി ബുക്ക് ചെയ്തവരില്‍ അടിയന്തര യാത്രക്കാര്‍ മറ്റു വിമാനങ്ങളില്‍ ടിക്കറ്റെടുത്തു യാത്ര ചെയ്യേണ്ട സാഹചര്യമാണുണ്ടായത്. അവശേഷിക്കുന്ന വലിയ വിഭാഗം യാത്രക്കാരില്‍ പലരും ടിക്കറ്റ് തുകയെങ്കിലും തിരികെ ലഭിക്കാനായി ആരെ സമീപിക്കണമെന്നറിയാതെ വലയുകയാണ്.
മേയ് മൂന്നുമുതല്‍ പലതവണ സര്‍വിസ് നീട്ടിവെക്കുന്ന ഗോ ഫസ്റ്റിന്റെ തീരുമാനം കണ്ണൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്ന യാത്രക്കാരെയാണ് കൂടുതല്‍ പ്രതികൂലമായി ബാധിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് തലേ ദിവസമാണ് വിമാന സര്‍വിസ് റദ്ദാക്കിയെന്ന സന്ദേശം ലഭിച്ചത്. സര്‍വിസ് നിര്‍ത്തുന്ന അറിയിപ്പ് കൈമാറിയതല്ലാതെ ഇതര വിമാനക്കമ്പനികളുമായി സഹകരിച്ച് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക പൂര്‍ണമായി റീഫണ്ട് ചെയ്യുമെന്ന വാഗ്ദാനവും ഒരു മാസത്തിലേറെയായി പാലിക്കപ്പെട്ടിട്ടില്ല. മിക്ക യാത്രക്കാരും സീസണായതിനാല്‍ വൻ തുകക്കാണ് ഗോ ഫസ്റ്റ് വിമാനങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. 30,000ത്തിലേറെ രൂപ നല്കി ടിക്കറ്റെടുത്ത യാത്രക്കാരുണ്ട്. ആര്‍ക്കും ഇതുവരെ പണം തിരികെ ലഭിച്ചിട്ടില്ല. പണം തിരികെ ലഭിക്കുന്നതുവരെ കാത്തുനില്ക്കാന് കഴിയാത്തവര്‍ മറ്റു വിമാനങ്ങളില്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്തു. കേരള സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെടണമെന്ന ആവശ്യവുമായി വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി സംഘം മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കും നിവേദനം നല്കി. ദുബൈ കെ.എം.സി.സി ഭാരവാഹികളായ മുസ്തഫ വേങ്ങര, എന്‍.കെ. ഇബ്രാഹിം, ഹസ്സന് ചാലില്‍, കുവൈത്ത് കെ.എം.സി.സി ട്രഷറര്‍ എം.ആര്. നാസര്‍ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.