അനുമതിയില്ലാത്ത കെ റെയിലിന് വേണ്ടി ചെലവഴിച്ച പണം ഉത്തരവാദികളില്‍ നിന്ന് ഈടാക്കണം -വി.ഡി. സതീശൻ

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെയോ റെയില്‍വേ മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ സില്‍വര്‍ ലൈനിന്റെ പേരില്‍ കോടികള്‍ മുടക്കി സംസ്ഥാന സര്‍ക്കാര്‍ നടത്തിയത് പ്രഹസനമാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്രത്തിന്റെയോ റെയില്‍വെയുടെയോ അനുമതിയില്ലാതെ പദ്ധതിയുമായി എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷം നിയമസഭക്കകത്തും പുറത്തും ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടിയുണ്ടായിരുന്നില്ല. എന്നാല്‍ എന്തുവന്നാലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന ധിക്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുകയും ജനങ്ങളെ തല്ലിച്ചതക്കുകയും ചെയ്തു. അനുമതിയില്ലാത്ത പദ്ധതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച പണം ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്നും തിരിച്ചു പിടിക്കണം. ആരുടെ അനുമതിയോടെയാണ് പണം ചെലവഴിച്ചതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

പൊലീസിനെ നിയന്ത്രിക്കുന്നത് സി.പി.എമ്മാണ്. പൊലീസിനെ പൂര്‍ണമായും പാര്‍ട്ടിക്ക് വിട്ടു കൊടുത്തിരിക്കുകയാണ്. ഇ.എം.എസ് അക്കാദമിയിലെ പരിപാടിക്ക് മുഖ്യമന്ത്രി പോകുന്നതിന് മുന്‍പ് ആറ് പേരെ കരുതല്‍ തടങ്കലിലാക്കി. തോന്നക്കല്‍ ആശാന്‍ സ്മാരകത്തിലെ പരിപാടിയുടെ സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരെയും തടങ്കലിലാക്കി. മുഖ്യമന്ത്രി രണ്ട് പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ 10 പേരാണ് കരുതല്‍ തടങ്കലിലായത്. കേരളം വെള്ളരിക്കാപ്പട്ടണമാണോ? അസാധാരണമായ സാഹചര്യത്തില്‍ മാത്രമേ കരുതല്‍ തടങ്കല്‍ നടപടി സ്വീകരിക്കാവൂ എന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. മുഖ്യമന്ത്രി വീടിന് പുറത്തിറങ്ങിയാല്‍ ആളുകളെ കരുതല്‍ തടങ്കലിലാക്കുന്ന രീതി ഇന്ത്യയില്‍ മറ്റേത് സംസ്ഥാനത്തുണ്ട്? പ്രധാനമന്ത്രി വരുമ്പോള്‍ പോലും ആളുകളെ തടങ്കലിലാക്കുന്നില്ല. കേട്ടുകേള്‍വിയില്ലാത്ത ഫാഷിസ്റ്റ് നടപടികളാണ് കേരള സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. അങ്ങനെയുള്ളവരാണ് ജനാധിപത്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നത്.

മാധ്യമം ദിനപത്രം അടച്ചു പൂട്ടാന്‍ പ്രോട്ടോകള്‍ ലംഘിച്ചു കൊണ്ട് യു.എ.ഇ ഭരണാധികാരിക്ക് കത്തയച്ചതും പിണറായി മന്ത്രിസഭയിലെ ഒരംഗമാണ്. എന്നിട്ടാണ് അവര്‍ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് ക്ലാസെടുക്കുന്നത്. മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണോ ഒരു മന്ത്രി മാധ്യമ സ്ഥാപനം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത്? മുഖ്യമന്ത്രി അറിയാതെയാണെങ്കില്‍ അതേക്കുറിച്ച് അന്വേഷിക്കണം. മന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് സ്വന്തം ബന്ധുവിനെ നിയമിച്ചതിനാണ് ജലീലിന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നത്. പുറത്തുവന്ന കാര്യങ്ങള്‍ സത്യമാണെന്ന് വ്യക്തമായതോടെ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ക്ക് വിശ്വാസ്യത കൈവന്നിരിക്കുകയാണ്. കേസിലെ പ്രതി എന്തും പറയുമെന്നാണ് ചിലര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ അവര്‍ എന്തും പറയുന്നതല്ല, പറയുന്നതില്‍ കാര്യമുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായി. ഈ സാഹചര്യത്തില്‍ സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ തുടരന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സികള്‍ തയാറാകണം. ഇപ്പോള്‍ ഒരു തുടരന്വേഷണവും നടക്കുന്നില്ല. ബി.ജെ.പി- സി.പി.എം നേതൃത്വങ്ങള്‍ തമ്മില്‍ ധാരണയില്‍ എത്തിയിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികള്‍ തുടരന്വേഷണം നടത്താത്തതിനാല്‍ യു.ഡി.എഫ് അന്വേഷണം ആവശ്യപ്പെട്ട് നിയമവഴി തേടും.

യു.ഡി.എഫിന്റെ ജനകീയ അടിത്തറ കൂടുതല്‍ വിപുലമാക്കും എന്നത് ചിന്തന്‍ ശിബിരത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ച നിര്‍ദേശമാണ്. ഇടതുമുഖം നഷ്ടമായ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ എല്‍.ഡി.എഫ് ഘടകകക്ഷികള്‍ക്കിടയില്‍ അസംതൃപ്തിയുണ്ടെന്നതും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിലയിരുത്തലാണ്. ഇടുതുപക്ഷമല്ല, തീവ്രവലതുപക്ഷ സര്‍ക്കാരാണ് ഇതെന്നാണ് കോണ്‍ഗ്രസ് ജനങ്ങളോട് പറയുന്നത്. ഇക്കാര്യങ്ങളൊക്കെ ചര്‍ച്ചയാകട്ടെ. യു.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ള ഏത് നിര്‍ദേശവും ഘടകകക്ഷികള്‍ക്കും മുന്നോട്ടുവെക്കാം. യു.ഡി.എഫ് ഒറ്റ പാര്‍ട്ടിയായാണ് നിയമസഭക്കുള്ളിലും പുറത്തും പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിനെ കേരളത്തിലെ കരുത്തുറ്റ ശക്തിയാക്കി മാറ്റാനുള്ള നടപടികളുമായാണ് ഇപ്പോള്‍ കോണ്‍ഗ്രസ് മുന്നോട്ടു പോകുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Tags:    
News Summary - Money spent on unauthorized K-rail should be recovered from those responsible - V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.