ചാരുംമൂട്: വ്യാപാര സ്ഥാപന ഉടമയോടു ഫോണിൽ സംസാരിക്കുന്നതായി വിശ്വസിപ്പിച്ചു ജീവനക്കാരിയിൽ നിന്നും പണം തട്ടിയെടുത്തായി ആക്ഷേപം. നൂറനാട് പാറ ജങ്ഷനിൽ പ്രവർത്തിക്കുന്ന അക്ഷരബുക്സ് സ്റ്റാളിലെ അശോക് കുമാറിനാണ് 2900 രൂപ നഷ്ടപ്പെട്ടത്.ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.
അശോക് കുമാർ കടയിൽ നിന്നും പുറത്തു പോയ സമയത്താണ് തട്ടിപ്പു നടത്തിയത്.മാന്യമായി വസ്ത്രധാരണം നടത്തി ഫോണിൽ സംസാരിച്ചുകൊണ്ട് കടയിലെത്തിയ ആൾ അശോക് കുമാറിനോടു നേരിട്ടു ഫോണിൽ സംസാരിക്കുന്നതു പോലെയാണ് ജീവനക്കാരിയെ സമീപിച്ചത്.സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ 2900 രൂപാ അശോകൻ കടയിൽ നിന്നും വാങ്ങിക്കുവാൻ പറഞ്ഞതായി തെറ്റിദ്ധരിപ്പിച്ച് പണം കൈക്കലാക്കുകയായിരുന്നു.
പണം കിട്ടിയ ഉടൻ സ്ഥലം വിട്ട ഇയാൾ ജങ്ഷനിൽ നിന്നും ഓട്ടോയിൽ കയറി പള്ളിമുക്ക് ജങ്ഷനിൽ ഇറങ്ങിയതായി അറിയുന്നു. കടയിലെത്തിയ അശോകനോട് പണം കൊടുത്ത കാര്യം ജീവനക്കാരി പറയുമ്പോഴാണ് തട്ടിപ്പു മനസ്സിലായത്. ഉടൻ സമീപത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചെങ്കിലും ഇയാളെ ആരും തിരച്ചറിഞ്ഞിട്ടില്ല.
ഏതാനും മാസം മുമ്പ് സമീപത്തെ വിശ്വാസ് മെഡിക്കൽ സ്റ്റോറിൽ നിന്നും ഇയാളുടെ രൂപസാദൃശ്യമുള്ളയാൾ തട്ടിപ്പു നടത്തിയതായി പറയുന്നു. ചാരുംമൂട്ടിലും വിവിധ ഭാഗങ്ങളിലും സമാനമായ സംഭവങ്ങൾ മുമ്പ് നടന്നിരുന്നു. നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ഇയാളുടെ ചിത്രം വെച്ച് ആളെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.