കൊച്ചി: കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ മുതൽ ഏർപ്പെടുത്തിയ ഭക്ഷ്യക്കിറ്റ് വിതരണത്തിന് റേഷൻ കടയുടമകൾക്ക് കിട്ടേണ്ട കമീഷൻ മുടങ്ങിയിട്ട് മാസങ്ങളായി. 2020 ഏപ്രിൽ മുതൽ കഴിഞ്ഞ ഏപ്രിൽ വരെ കാലയളവിൽ 10 തവണയാണ് കിറ്റ് വിതരണം ചെയ്തത്.
ഇതിൽ എട്ടുമാസത്തെ വിതരണം പൂർത്തിയായെങ്കിലും റേഷൻ വ്യാപാരികൾക്ക് കിട്ടിയത് രണ്ടോ മൂന്നോ മാസത്തെ കമീഷൻ തുക മാത്രം. ഇതുതന്നെ ഭാഗികമായാണ് കിട്ടിയത്.
കിറ്റൊന്നിന് അഞ്ചുരൂപ വീതമാണ് റേഷൻ കടയുടമകൾക്ക് സർക്കാർ നൽകുന്നത്. എന്നാലിത് തുടക്കത്തിൽ മാത്രമേ കിട്ടിയുള്ളൂവെന്ന് കടയുടമകൾ പറയുന്നു. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി എല്ലാവർക്കും നൽകേണ്ട ഭക്ഷ്യക്കിറ്റുകൾ സൂക്ഷിക്കുന്നതിന് പ്രത്യേകം കടമുറികളോ ഗോഡൗണുകളോ വാടകക്കെടുത്താണ് മിക്ക കടയുടമകളും മുന്നോട്ടുപോകുന്നത്. വൻ തുക കുടിശ്ശികയായതിനാൽ പലർക്കും വാടക കൃത്യമായി നൽകാനാവുന്നില്ല. സംസ്ഥാനത്ത് പതിനാലായിരത്തിലേറെ റേഷൻ കടയുടമകളുണ്ട്. 300 മുതൽ 1000ത്തിനുമുകളിൽ വരെ റേഷൻ കാർഡുകൾ ഓരോ കടക്കുകീഴിലുമുണ്ട്.
കമീഷൻ കുടിശ്ശിക തീർത്തു നൽകണമെന്നാവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് ഡയറക്ടർ, റേഷനിങ് കൺട്രോളർ തുടങ്ങിയവർക്ക് നിവേദനം നൽകുകയും ഭക്ഷ്യവകുപ്പ് സെക്രട്ടറിയുമായി വിഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തുകയും ചെയ്തെങ്കിലും നടപടിയൊന്നുമായില്ലെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ. ഷിജീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.