എടവണ്ണയിലെ സദാചാര ആക്രമണം; സി.പി.എം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്ത് അംഗവും ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍

എടവണ്ണ(മലപ്പുറം): സദാചാര പൊലീസ് ചമഞ്ഞെത്തി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥിനിയും സഹോദരനും സംസാരിക്കുന്നത് മൊബൈൽ ഫോണിൽ പകർത്തുകയും ഇത് ചോദ്യം ചെയ്തവരെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയില്‍ സി.പി.എം പ്രാദേശിക നേതാവ് ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. സി.പി.എം എടവണ്ണ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം. ജാഫര്‍, സി.പി.എം പഞ്ചായത്ത് അംഗം ജസീല്‍, പി.കെ. മുഹമ്മദലി, പി.അബ്ദുൽ കരീം, കെ. അബ്ദുൽ ഗഫൂര്‍ എന്നിവരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

കഴിഞ്ഞ വ്യാഴാഴ്ച എടവണ്ണ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. സ്റ്റാന്‍ഡില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്ന വിദ്യാർഥിനിയെയും സഹോദരനെയും പ്രതികള്‍ അപമാനിക്കുകയും ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു പരാതി. ഇത് ചോദ്യംചെയ്ത സഹോദരനെയും സുഹൃത്തുക്കളെയും പ്രതികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായും പരാതിയില്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ 'വിദ്യാര്‍ഥികള്‍ക്ക് ഒരു മുന്നറിയിപ്പ്' എന്ന തലക്കെട്ടില്‍ ജനകീയ കൂട്ടായ്മയുടെ പേരിൽ ഫ്ലക്സ് സ്ഥാപിക്കുകയും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. പരിസര ബോധമില്ലാതെ സ്നേഹപ്രകടനം ഇവിടെ വേണ്ടെന്നും അഞ്ചുമണിക്കുശേഷം വിദ്യാര്‍ഥികളെ കാണാനിടയായാല്‍ നാട്ടുകാര്‍ കൈകാര്യംചെയ്ത് രക്ഷിതാക്കളെ വിളിച്ചുവരുത്തുമെന്നുമായിരുന്നു ഇതിലെ മുന്നറിയിപ്പ്. ഈ ബോര്‍ഡിനെതിരെ എടവണ്ണ പൊലീസില്‍ പരാതിയും എത്തിയിരുന്നു.

ഇതിന് മറുപടിയെന്നോണം വിദ്യാര്‍ഥിപക്ഷത്തിന്റെ പേരിലും ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. സദാചാര ആങ്ങളമാര്‍ തങ്ങളുടെ മക്കളുടെ ഫോണ്‍ നോക്കണമെന്നും വിദ്യാര്‍ഥികള്‍ക്ക് രാത്രി ഏഴുവരെയാണ് ബസ് യാത്രാനിരക്ക് സമയമെന്നും ഇതില്‍ ഓര്‍മപ്പെടുത്തുന്നു. അഞ്ചുമണി കഴിഞ്ഞാല്‍ കൈകാര്യം ചെയ്യുമെന്ന് പറയാനും ബോര്‍ഡ് വെക്കാനും ആര്‍ക്കും അധികാരമില്ലെന്ന് സദാചാര കമ്മിറ്റിക്കാർ ഓര്‍ക്കണമെന്നും ഈ ബോര്‍ഡിലുണ്ടായിരുന്നു. ഇരു ബോര്‍ഡുകളെയും അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളില്‍ ചർച്ച സജീവമായി. ഇതിനിടെ കഴിഞ്ഞദിവസം പൊലീസെത്തി ഇരു ബോര്‍ഡുകളും നീക്കിയിരുന്നു.

Tags:    
News Summary - Moral Policing in Edavanna; Five people including CPM local secretary and panchayat member were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.