തിരുവനന്തപുരം: ധനവകുപ്പിൽ ഓഫിസ് അറ്റന്റൻഡ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികൾ ആവശ്യത്തിൽ അധികമാണെന്നും ഈ തസ്തികകൾ മൂന്നിലൊന്നായി കുറയ്ക്കണമെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് റിപ്പോർട്ട്.
ഭക്ഷ്യസുരക്ഷ, മോട്ടോർ വാഹനം, തദ്ദേശ വകുപ്പുകളിൽ ജീവനക്കാരുടെ കുറവുമൂലം ആവശ്യ സേവനങ്ങൾ പോലും മുടങ്ങുന്ന സാഹചര്യത്തിൽ ഇ-ഓഫിസ് നടപ്പാക്കിയശേഷവും ധനവകുപ്പിൽ ഇത്തരം സപ്പോർട്ടിങ് സ്റ്റാഫ് നിലനിൽക്കുന്നത് ദൗർഭാഗ്യകരമാണെന്നാണ് റിപ്പോർട്ടിലെ പരാമർശം. നിലവിലെ റാങ്ക് ലിസ്റ്റ് തീരുന്ന തീയതിക്ക് ശേഷമുള്ള റിപ്പോർട്ടുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ല. നിർത്തലാക്കുന്ന തസ്തികകൾക്ക് പകരമായി ഇപ്പോൾ ജീവനക്കാരുടെ കുറവുള്ള വകുപ്പുകളിൽ ആവശ്യമായ തസ്തികകൾ സൃഷ്ടിക്കാം. അധിക ജീവനക്കാരെ മറ്റ് ജില്ലകളിലേക്കും വകുപ്പുകളിലേക്കും അവരുടെ സമ്മതം വാങ്ങി വിന്യസിക്കാം.
ബൈൻഡർ, കാഷ്യർ പോലുള്ള തസ്തികകൾ ധനവകുപ്പ് തന്നെ കണ്ടെത്തി നിർത്തണം. സെക്രട്ടേറിയറ്റിൽ സ്പെഷൽ സെക്രട്ടറി വരെയുള്ള തസ്കികകളുടെ എൻട്രി കേഡർ അസിസ്റ്റന്റ് തസ്തികയാണ്. ഇതിൽ ധനവകുപ്പിലേക്കും പൊതുഭരണ വകുപ്പിലേക്കും പ്രത്യേകം നിയമനം നടത്തേണ്ട. അടുത്ത പി.എസ്.സി വിജ്ഞാപനം മുതൽ പൊതുനിയമനം മതി.
വിരമിക്കാൻ രണ്ട് വർഷത്തിൽ കൂടുതൽ ബാക്കിയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ നിർബന്ധിത പരിശീലനം നൽകണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് പരീക്ഷയും നടത്തണം. പരീക്ഷ പാസാകാത്തവർക്ക് വീണ്ടും പരിശീലനം. പാസാകുന്നത് വരെ ഈ പ്രക്രിയ തുടരണം.
കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാരുടെ സേവനം ലഭ്യമാക്കിയ ഓഫിസർമാരെ വേണമെങ്കിൽ പരിശീലനത്തിൽനിന്ന് ഒഴിവാക്കാം. നിലവിൽ ടൈപ്പിങ് അറിയുന്നവരെ പരിശീലനം കൂടാതെ പരീക്ഷയിൽ പങ്കെടുക്കാൻ അനുവദിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.