കോഴിക്കോട്: നാടിനെ പിടിച്ചുകുലുക്കിയ നിപ വൈറസിൽനിന്ന് അതിജീവിച്ച കുടുംബം ബാങ്കിന്റെ ജപ്തി ഭീഷണിയിൽ. വൈറസ് വൻനാശം വിതച്ച പേരാമ്പ്ര പന്തീരിക്കര സൂപ്പിക്കടയിലെ വളച്ചുകെട്ടി കുടുംബത്തിലെ മറിയമും മകൻ മുത്തലിബുമാണ് കിടപ്പാടം നഷ്ടമാവുന്ന അവസ്ഥയിലുള്ളത്. നിപ ബാധിച്ച് മരിച്ച മറിയത്തിന്റെ മകൻ സ്വാലിഹ് എൻജിനീയറിങ് പഠനത്തിനായി എടുത്ത വിദ്യാഭ്യാസ വായ്പയാണ് ജപ്തിയായി മാറിയത്. ഗ്രാമീൺ ബാങ്കിന്റെ പന്തീരിക്കര ശാഖയിൽനിന്ന് നാലുലക്ഷം രൂപയായിരുന്നു 2011ൽ വായ്പയെടുത്തത്. പിതാവ് മൂസയായിരുന്നു ജാമ്യക്കാരൻ. മൂസയും നിപ ബാധിച്ച് മരിച്ചതോടെ അവശേഷിക്കുന്ന കുടുംബാംഗങ്ങൾക്ക് നോട്ടീസ് ലഭിച്ചു.
ജോലി ലഭിച്ചശേഷം തിരിച്ചടക്കുമെന്ന വ്യവസ്ഥയിലായിരുന്നു വായ്പ. എന്നാൽ, 2018ൽ നിപ സ്വാലിഹിന്റെ ജീവനെടുത്തതോടെ പ്രതീക്ഷയാകെ അസ്ഥാനത്താവുകയും തിരിച്ചടവ് മുടങ്ങുകയും ചെയ്തതു. ഇതോടെ വായ്പ തുക 12 ലക്ഷത്തിലേറെയായി. സമയബന്ധിതമായി തുക തിരിച്ചടക്കാത്തതിനെ തുടർന്ന് ബാങ്ക് കൊയിലാണ്ടി കോടതിയിൽ കേസ് ഫയൽ ചെയ്തു. അവസാനമായി ചങ്ങരോത്ത് വില്ലേജ് ഓഫിസിൽനിന്ന് കുടുംബത്തെ ബന്ധപ്പെട്ട് പിതാവിന്റെ പേരിലുള്ള വസ്തുവിന്റെ ജപ്തി നടപടികൾ ആരംഭിച്ചതായി അറിയിച്ചിട്ടുണ്ട്. ദൈനംദിന ചെലവിനുപോലും പ്രയാസപ്പെടുന്നതിനാൽ വായ്പ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മറിയം നേരത്തെ നിവേദനം നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പിന്നീട് നവകേരള സദസ്സിലും പരാതി നൽകി. ജനപ്രതിനിധികൾ അടക്കമുള്ളവരെ കണ്ട് വിഷയങ്ങൾ ധരിപ്പിച്ചിട്ടും അനുകൂല നടപടിയില്ല.
2018 മേയ് അഞ്ചിനാണ് പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ വളച്ചുകെട്ടി കുടുംബത്തിലെ സാബിത്ത് മരിക്കുന്നത്. സ്വാഭാവിക മരണമായാണ് ആദ്യം കണക്കാക്കിയത്. പിന്നീട് കുടുംബത്തിൽനിന്ന് ഗൃഹനാഥൻ മൂസ, മറ്റൊരു മകൻ സ്വാലിഹ്, മൂസയുടെ സഹോദരൻ മൊയ്തുവിന്റെ ഭാര്യ മറിയം എന്നിവരെയും നിപ കവർന്നു. മൂസയുടെ ഭാര്യ മറിയവും മകൻ മുത്തലിബും മാത്രമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
അവരാണിപ്പോൾ ജപ്തി ഭീഷണി നേരിട്ട് ദിനങ്ങൾ തള്ളിനീക്കുന്നത്. മദ്റസയിൽ അധ്യാപനം നടത്തി കുടുംബം മുന്നോട്ടുകൊണ്ടുപോവുകയാണ് മുത്തലിബ്. ഇവരുടെ മൂത്ത സഹോദരൻ സാലിം നേരത്തെ വാഹനാപകടത്തിൽ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.